ശുദ്ധവായു ശ്വസിക്കാനായി ഫ്‌ലാറ്റില്‍ നിന്നും പുറത്തിറങ്ങി; പൊലീസുകാരന്‍ മര്‍ദിച്ചതോടെ ഭയന്നു; അഞ്ചാം നിലയില്‍ നിന്നും ചാടിയ 23കാരന് ദാരുണാന്ത്യം
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പൊലീസുകാരന്‍ മര്‍ദിച്ചതിന് പിന്നാലെ ഫ്‌ലാറ്റിലെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി 23 കാരന്‍ ആത്മഹത്യചെയ്തു. രാജ് മക്വാന എന്ന യുവാവിനാണ് ജീവന്‍ നഷ്ടമായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യവും ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു. ചികിത്സയില്‍ കഴിയുന്ന രാജ് മക്വാന വീട്ടില്‍ തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് ശുദ്ധവായു ശ്വസിക്കാനായി പുറത്തേക്കിറങ്ങാറുണ്ടെന്നും ആത്മഹത്യ ചെയ്ത രാത്രി സാധാരണ നിലയില്‍ പുറത്തിറങ്ങിയാതായിരുന്നെന്നും വീട്ടുകാര്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രി വൈകി വീടിന് പുറത്തിറങ്ങിയ യുവാവിനെ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ചോദ്യം ചെയ്യുകയും പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് സെക്യൂരിറ്റി പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ചോദ്യം ചെയ്‌തെന്നും യുവാവ് ക്ഷമ പറഞ്ഞെങ്കിലും ഒരു പൊലീസുകാരന്‍ രാജ് മക്വാനയുടെ മുഖത്തിടിച്ചുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
പൊലീസ് മര്‍ദനത്തിന് ശേഷം ഫ്‌ലാറ്റിലെത്തിയ യുവാവ് തനിക്ക് പേടിയാവുന്നെന്നും എവിടെയെങ്കിലും ഒളിക്കാമെന്നും പറഞ്ഞതായി കുടുംബം പറയുന്നു. പിന്നാലെ അഞ്ചാമത്തെ നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു.