പൈല്സിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടും അവധി നിഷേധിച്ചു; തെളിവ് ചോദിച്ച് മേലുദ്യോഗസ്ഥൻ; മുറിവുണങ്ങിയില്ലെന്ന് ബോധ്യപ്പെടുത്താൻ പാന്റ്സ് അഴിച്ച് ലോക്കോ പൈലറ്റ്; വീഡിയോ പ്രചരിച്ചതോടെ റെയിൽവേ ജീവനക്കാരുടെ പ്രതിഷേധം; ഒടുവിൽ സംഭവിച്ചത്
ലഖ്‌നൗ: പൈല്സിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടും വിശ്രമം അനുവദിക്കാത്ത ഉദ്യോഗസ്ഥന് മുന്നിൽ പ്രതിഷേധസൂചകമായി പാന്റ്സ് അഴിച്ച് ലോക്കോ പൈലറ്റ്. ലഖ്‌നൗ റെയിൽവേ ഡിവിഷനിലാണ് മനുഷ്യത്വഹീനമായ നടപടിക്കെതിരെ ജീവനക്കാരന്റെ അസാധാരണ പ്രതിഷേധം അരങ്ങേറിയത്. പൈൽസ് ശസ്ത്രക്രിയ കഴിഞ്ഞ് അവധി നീട്ടിച്ചോദിക്കാനെത്തിയ രാജേഷ് മീന എന്ന ഉദ്യോഗസ്ഥനാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ഫെബ്രുവരി 22 മുതൽ 28 വരെയായിരുന്നു രാജേഷ് മീനയ്ക്ക് ശസ്ത്രക്രിയയ്ക്കായി അവധി അനുവദിച്ചിരുന്നത്. എന്നാൽ മുറിവ് ഉണങ്ങാത്തതിനാൽ വിശ്രമം തുടരണമെന്ന് റെയിൽവേ ഹെൽത്ത് യൂണിറ്റിലെ ഡോക്ടർമാർ നിർദ്ദേശിച്ചു. ഇതിനായി 'സിക്ക് മെമ്മോ' വാങ്ങാൻ ചീഫ് ക്രൂ കൺട്രോളർ രത്തൻ കുമാറിനെ സമീപിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
മെഡിക്കൽ രേഖകളും മരുന്നിന്റെ കുറിപ്പടിയും ചികിത്സയ്ക്ക് ഉപയോഗിച്ച ബാൻഡേജുകളും ഹാജരാക്കിയിട്ടും അവധി നൽകാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. മുറിവ് ഉണങ്ങിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താൻ 'തെളിവ്' വേണമെന്ന ഉദ്യോഗസ്ഥന്റെ വാശിയിലാണ് പ്രകോപിതനായ രാജേഷ് മീന വസ്ത്രം അഴിച്ച് പ്രതിഷേധിച്ചത്.
A Railway loco pilot suffering from piles was asked to show evidence of the medical issue to get his sick leave approved. He did. pic.twitter.com/kzMXiD80tv
— Piyush Rai (@Benarasiyaa) March 4, 2026
സംഭവം വിവാദമായതോടെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ നടപടി ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് യൂണിയൻ കുറ്റപ്പെടുത്തി. യൂണിയന്റെ ഇടപെടലിനെത്തുടർന്ന് രാജേഷ് മീനയ്ക്ക് പിന്നീട് അവധി അനുവദിച്ചു. എന്നാൽ, ജീവനക്കാരനെ അപമാനിച്ച ഉദ്യോഗസ്ഥനെതിരെ റെയിൽവേ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.