'സുബീൻ ദാ ഇവിടെ ഇല്ലാത്തപ്പോൾ ഞങ്ങൾ എന്തു ചെയ്യും?'; സുബീൻ ഗാർഗിന്റെ വിയോഗത്തിൽ മനംനൊന്ത് യുവാവ് നദിയിൽ ചാടി; വ്യാപക തിരച്ചിൽ
ഗുവഹാത്തി: പ്രമുഖ ബോളിവുഡ് ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ വിയോഗവാർത്തയുടെ ഞെട്ടലിൽ ആരാധകൻ ബ്രഹ്മപുത്ര നദിയിൽ ചാടി. സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണ് സുബീൻ ഗാർഗ് അന്തരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഗായകന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്.
സരായ്ഘട്ട് പാലത്തിൽ നിന്ന് വസ്ത്രങ്ങൾ ഉപേക്ഷിച്ച ശേഷമാണ് ആരാധകൻ നദിയിലേക്ക് ചാടിയത്. 'സുബീൻ ദാ ഇവിടെ ഇല്ലാത്തപ്പോൾ ഞങ്ങൾ എന്തു ചെയ്യും?' എന്ന് വിലപിച്ചാണ് ഇയാൾ നദിയിലേക്ക് എടുത്തുചാടിയത്. വിവരം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
സുബീൻ ഗാർഗിനൊപ്പം സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിന് പോയ സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നേരത്തെ സിംഗപ്പൂരിൽ വെച്ചും സുബീൻ ഗാർഗിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നു. എയിംസിലെ ഡോക്ടർമാരുടെ സാന്നിധ്യത്തിലാണ് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്. 'അസാമിന്റെ ശബ്ദം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുബീൻ ഗാർഗിന്റെ വിയോഗം സംഗീത ലോകത്തിന് തീരാ ദുഃഖമാണ്.