ഇന്ത്യയിലെ മൺസൂൺ മഴയിൽ കുറവ് ഉണ്ടാകുമോ?; ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ അത് ഉറപ്പായിട്ടും സംഭവിക്കും; ഈ വർഷത്തെ ആദ്യ മൺസൂൺ പ്രവചനവുമായി യുഎസ് കാലാവസ്ഥ ഏജൻസി

Update: 2026-03-13 11:05 GMT

ഡൽഹി: ഈ വർഷം എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഇത് ഇന്ത്യയിലെ മൺസൂൺ മഴയിൽ ഗണ്യമായ കുറവിന് കാരണമാകുമെന്നും യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള പാദത്തിൽ തന്നെ മഴക്കുറവ് പ്രകടമാകാൻ സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു.

യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് (NOAA) കീഴിലുള്ള ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർ (CPC) പുറത്തിറക്കിയ ഏറ്റവും പുതിയ കുറിപ്പിൽ, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്ന് വ്യക്തമാക്കുന്നു. തുടർന്നുള്ള മാസങ്ങളിൽ ഈ സാധ്യത 80 ശതമാനമായി ഉയരുമെന്നും പ്രവചനത്തിൽ പറയുന്നു. ഫെബ്രുവരി 12-ന് പുറപ്പെടുവിച്ച മുൻ അപ്‌ഡേറ്റിൽ, ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ എൽ നിനോ സാധ്യത 52 ശതമാനവും അതിനുശേഷമുള്ള മാസങ്ങളിൽ 60 ശതമാനവുമായിരുന്നു.

രാജ്യത്ത് എൽ നിനോയും മൺസൂൺ മഴക്കുറവും തമ്മിൽ അടുത്ത ബന്ധമുള്ളതിനാൽ സർക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയും മുതിർന്ന കാലാവസ്ഥാ നിരീക്ഷകനുമായ എം. രാജീവൻ നിർദേശിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഉൾപ്പെടെയുള്ള ഏജൻസികളുടെ പ്രവചനങ്ങളും ഈ വർഷം എൽ നിനോ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ ജലത്തിന്റെ താപനില വർധിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. കാറ്റിന്റെ പാറ്റേണുകളിലെ മാറ്റങ്ങൾ ഇതിന് കാരണമാകുകയും ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യും.

1980 മുതൽ രേഖപ്പെടുത്തിയ 14 എൽ നിനോ വർഷങ്ങളിൽ, ഒമ്പത് തവണയും ഇന്ത്യയിൽ ദീർഘകാല ശരാശരിയെക്കാൾ 10 ശതമാനമെങ്കിലും കുറഞ്ഞ മൺസൂൺ മഴയാണ് ലഭിച്ചത്. കേരളത്തിൽ പ്രളയം നേരിട്ട 2018-ൽ പോലും, രാജ്യത്ത് മൊത്തം മൺസൂൺ മഴയിൽ 9.4 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, 1997-ൽ ശക്തമായ എൽ നിനോ ഉണ്ടായിരുന്നിട്ടും ഇന്ത്യയിൽ സാധാരണ മൺസൂൺ ലഭിച്ച സന്ദർഭവും രാജീവൻ ഓർമ്മിപ്പിച്ചു. ഓരോ മൺസൂൺ സീസണിനും അതിന്റേതായ സവിശേഷ സാഹചര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം അവസാനത്തോടെ പസഫിക് സമുദ്രത്തിൽ അതിവേഗ താപനം ഉണ്ടാകുമെന്നും വളരെ ശക്തമായ 'സൂപ്പർ' എൽ നിനോയ്ക്ക് സാധ്യതയുണ്ടെന്നും ഇത് അഭൂതപൂർവമായ ഉഷ്ണതരംഗങ്ങൾക്ക് വഴിയൊരുക്കുമെന്നും യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സ് (ECMWF) നേരത്തെ പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനക്ക് വിരുദ്ധമായ പ്രവചനമാണ് യുഎസ് ഏജൻസി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഈ വർഷത്തെ മൺസൂൺ സീസണിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്ന ഈ പ്രവചനം, കാർഷിക മേഖലയ്ക്കും ജലലഭ്യതയ്ക്കും നിർണായകമായ ഇന്ത്യയുടെ മഴക്കാലത്തെ വലിയ തോതിൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നു.

Tags:    

Similar News