വോട്ടുചോര്‍ച്ചാ ഭീതിയില്‍ കോണ്‍ഗ്രസ്; ഒഡീഷ എം.എല്‍.എ.മാരെ കര്‍ണാടകയിലെ റിസോര്‍ട്ടിലേക്ക് മാറ്റി

Update: 2026-03-13 07:21 GMT

ഭുവനേശ്വര്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുചോര്‍ച്ചയും കുതിരക്കച്ചവടവും ഭയന്ന് ഒഡീഷയിലെ കോണ്‍ഗ്രസ് എം.എല്‍.എ.മാരെ കര്‍ണാടകയിലെ രഹസ്യ റിസോര്‍ട്ടിലേക്ക് മാറ്റി. മാര്‍ച്ച് 16-ന് നടക്കുന്ന നിര്‍ണായക വോട്ടെടുപ്പിന് മുന്നോടിയായാണ് എട്ട് എം.എല്‍.എ.മാരെ ബെംഗളൂരുവിലെ ബിഡാദിയിലുള്ള റിസോര്‍ട്ടിലേക്ക് മാറ്റിയത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് എം.എ.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കിയിരിക്കുന്നത്.

ആകെ 14 എം.എല്‍.എ.മാരുള്ള കോണ്‍ഗ്രസില്‍ ചീഫ് വിപ്പ് സി.എസ്. രാജന്‍ എക്ക ഉള്‍പ്പെടെയുള്ള എട്ടുപേരെയാണ് വ്യാഴാഴ്ച രാത്രിയോടെ വിമാനമാര്‍ഗം ബെംഗളൂരുവിലെത്തിച്ചത്. ബാക്കിയുള്ള ആറ് എം.എല്‍.എ.മാര്‍ നിലവില്‍ ഭുവനേശ്വറില്‍ തന്നെയുണ്ട്. വോട്ടെടുപ്പ് നടക്കുന്ന തിങ്കളാഴ്ച രാവിലെ ഇവരെ തിരികെ നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് രാമചന്ദ്ര കദം വ്യക്തമാക്കി. ബി.ജെ.പി. തങ്ങളുടെ എം.എല്‍.എ.മാരെ സ്വാധീനിക്കാന്‍ വലവിരിച്ചിട്ടുണ്ടെന്ന വ്യക്തമായ വിവരത്തെത്തുടര്‍ന്നാണ് ഈ നീക്കം.

ഒഡീഷ രാഷ്ട്രീയത്തിലെ മുഖ്യശത്രുക്കളായ കോണ്‍ഗ്രസും ബി.ജെ.ഡി.യും ബി.ജെ.പി.യെ പ്രതിരോധിക്കാന്‍ കൈകോര്‍ത്തതാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ പ്രധാന ആകര്‍ഷണം. കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ബി.ജെ.ഡി.യുടെ പൊതുസ്ഥാനാര്‍ത്ഥി ഡോ. ദത്തേശ്വര്‍ ഹോത്തയ്ക്കാണ് കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ വോട്ട് ചെയ്യുക. ബി.ജെ.പി. മൂന്ന് സീറ്റുകള്‍ നേടുന്നത് തടയുകയാണ് സംയുക്ത നീക്കത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെ നാല് രാജ്യസഭാ സീറ്റുകളിലേക്കായി അഞ്ച് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്.

ബി.ജെ.പി: സംസ്ഥാന അധ്യക്ഷന്‍ മന്‍മോഹന്‍ സാമല്‍, സുജീത് കുമാര്‍. കക്ഷിനില അനുസരിച്ച് ബി.ജെ.പി.ക്ക് രണ്ട് സീറ്റുകളിലും ബി.ജെ.ഡി.ക്ക് ഒരു സീറ്റിലും വിജയം ഉറപ്പാണ്. നാലാം സീറ്റിലേക്കാണ് പ്രധാന പോരാട്ടം. സ്വതന്ത്രനായി മത്സരിക്കുന്ന ഹോട്ടല്‍ വ്യവസായി കൂടിയായ ദിലീപ് റേയ്ക്ക് എട്ട് വോട്ടുകളുടെ കുറവാണുള്ളത്. ഈ കുറവ് നികത്താന്‍ പ്രതിപക്ഷ പാളയത്തില്‍ നിന്ന് വോട്ടുചോരുമെന്ന ഭീതിയാണ് എം.എല്‍.എ.മാരെ ഒളിപ്പിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. വോട്ടെടുപ്പിന് മുന്നോടിയായി ബി.ജെ.ഡി.യും അതീവ ജാഗ്രതയിലാണ്.

Similar News