എല്‍.പി.ജി പ്രതിസന്ധി പരിഹരിക്കാന്‍ പകരം കല്‍ക്കരിയും മണ്ണെണ്ണയും; സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കുമെന്ന് കേന്ദ്രം

എല്‍.പി.ജി പ്രതിസന്ധി് പരിഹരിക്കാന്‍ പകരം കല്‍ക്കരിയും മണ്ണെണ്ണയും

Update: 2026-03-13 12:23 GMT

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്‍.പി.ജിക്ക് പകരം മറ്റ് ഇന്ധനങ്ങള്‍ കൂടി ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭക്ഷണം പാകം ചെയ്യാന്‍ കല്‍ക്കരിയും മണ്ണെണ്ണയും ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.

സംസ്ഥാനങ്ങള്‍ക്ക് നാല്‍പതിനായിരം ലിറ്റര്‍ അധിക മണ്ണെണ്ണ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ കല്‍ക്കരി ലഭ്യമാക്കാനും നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ നടികള്‍ ഊര്‍ജിതമാക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

കരിഞ്ചന്തയില്‍ ഒരു സിലിണ്ടറിന് വില 5000 രൂപയിലേക്ക് ഉയര്‍ന്നു. വിറകടുപ്പിലേക്ക് മാറിയിരിക്കുകയാണ് മിക്ക ഹോട്ടലുകളും. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണം തടസപ്പെടില്ലെന്ന് പറയുമ്പോഴും വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പൊന്നും പറയുന്നില്ല.

വാണിജ്യ സിലിണ്ടര്‍ ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഇന്നലെ അറിയിച്ചെങ്കിലും നേരത്തെ നല്‍കിയിരുന്നതിന്റെ അഞ്ചിലൊന്ന് വിതരണം മാത്രമാണ് ഉണ്ടാവുക. പല സംസ്ഥാനങ്ങളിലും സിലിണ്ടര്‍ കിട്ടാന്‍ ജനങ്ങള്‍ വരിനില്‍ക്കുകയാണ്. ആഭ്യന്തര എല്‍.പി.ജി ഉല്‍പാദനം 25 ശതമാനം വര്‍ധിപ്പിച്ചു എന്ന് പറയുമ്പോഴും പ്രശ്‌ന പരിഹാരം ആയിട്ടില്ല.

കേരളത്തില്‍ 40 ശതമാനം ഹോട്ടലുകള്‍ പൂട്ടിയതായി ഹോട്ടലുടമകളുടെ സംഘടന പറയുന്നു. പ്രവര്‍ത്തിക്കുന്നവയാകട്ടെ മെനു വെട്ടിക്കുറച്ചു. കൂടുതല്‍ എല്‍.പി.ജി ആവശ്യമായ വിഭവങ്ങള്‍ ഒഴിവാക്കി ഹോട്ടലുകളും റെസ്റ്റോറന്റുകളും നടത്തിക്കൊണ്ടുപോകാനാണ് ശ്രമം. പല സംസ്ഥാനങ്ങളിലും ബുക്ക് ചെയ്ത ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടറുകള്‍ ലഭിക്കാന്‍ വൈകുന്നുവെന്ന പരാതികളും വ്യാപകമാണ്.

Tags:    

Similar News