മദ്രസയുടെ ടോയ്‌ലറ്റിൽ നിന്ന് നിലവിളി; ശബ്ദം കേട്ട് നാട്ടുകാർ തടിച്ചുകൂടി; പോലീസെത്തിയതും..അത് തുറക്കരുതെന്ന അധികൃതരുടെ വാശിയും; പരിശോധനയിൽ 40 പെൺകുട്ടികളെ കണ്ടെത്തി; വൻ ദുരൂഹത
ബഹ്‌റൈച്ച്: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ രജിസ്ട്രേഷനില്ലാതെ പ്രവർത്തിക്കുകയായിരുന്ന ഒരു മദ്രസയിൽ നിന്ന് 40 പെൺകുട്ടികളെ ടോയ്‌ലറ്റിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. 9 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഭയന്നുവിറച്ച അവസ്ഥയിൽ കണ്ടെത്തിയത്. മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെക്കുറിച്ച് നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
സ്ഥാപനത്തെക്കുറിച്ച് ലഭിച്ച പരാതികളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പോലീസ് സംഘം മദ്രസ പരിശോധിക്കാൻ എത്തിയപ്പോൾ നടത്തിപ്പുകാർ കെട്ടിടത്തിന്റെ മുകളിലേക്ക് കയറാൻ അനുവദിച്ചില്ല. ബലപ്രയോഗത്തിലൂടെ അകത്തു കടന്ന പോലീസ്, ടെറസിലെ ടോയ്‌ലറ്റ് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അത് തുറന്നു. അപ്പോഴാണ് 40 ഓളം പെൺകുട്ടികളെ ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്. കുട്ടികൾക്ക് ഭയം കാരണം കാര്യമായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.
സ്ഥാപനത്തിൽ എട്ട് മുറികളുണ്ടായിരുന്നിട്ടും കുട്ടികളെ എന്തിനാണ് ടോയ്‌ലറ്റിൽ ഒളിപ്പിച്ചത് എന്ന ചോദ്യത്തിന്, അവർ ഭയന്ന് പൂട്ടിയിരുന്നതാണെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. കണ്ടെത്തിയ കുട്ടികളെല്ലാം സുരക്ഷിതമായി വീടുകളിൽ എത്തിച്ചതായി റിപ്പോർട്ടുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. രക്ഷിതാക്കളോ മറ്റാരെങ്കിലുമോ പരാതി നൽകിയാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഏകദേശം മൂന്ന് വർഷത്തോളമായി ഈ മദ്രസ രജിസ്ട്രേഷൻ ഇല്ലാതെയാണ് പ്രവർത്തിച്ചു വരുന്നതെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.