ഉദ്ധവും രാജ് താക്കറെയും കൈ കോര്‍ക്കും; താനെയില്‍ ബി.ജെ.പി സഖ്യത്തെ തറപറ്റിക്കുമെന്ന് സഞ്ജയ് റാവത്ത്

Update: 2025-10-19 14:43 GMT

മുംബൈ: മഹാരാഷ്ട്രയില താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യത്തെ തറപറ്റിക്കുമെന്ന് ശിവസേന (ഉദ്ധവ് വിഭാഗം) എം.പി സഞ്ജയ് റാവത്ത്. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനക്കൊപ്പം (എം.എന്‍.എസ്) ശിവസേന (ഉദ്ധവ് വിഭാഗം) മത്സരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 75ലേറെ സീറ്റുകളില്‍ ജയിച്ച് അധികാരത്തില്‍ വരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ താനെയില്‍ നിലവില്‍ ഭരിക്കുന്നത് ഷിന്‍ഡെ വിഭാഗം സേനയും ബി.ജെ.പിയും ചേര്‍ന്ന സഖ്യമാണ്. എം.എന്‍.എസുമായി കൈകോര്‍ക്കുന്നതിലൂടെ ഭരണ സഖ്യത്തെ തകര്‍ക്കാനാകുമെന്ന് റാവത്ത് പറഞ്ഞു.

''താനെയില്‍ ശിവസേനയും എം.എന്‍.എസും ഒന്നിച്ച് മത്സരിച്ച് വിജയം പിടിക്കും. '75 ലേറെ' എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഏതാനും മാസങ്ങളായി ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിലുള്ള അടുപ്പം കൂടുകയാണ്. ഇത് പുതിയ സഖ്യത്തിനുള്ള അടിത്തറയായി. മുന്‍കാല ഭിന്നതകള്‍ മറന്ന് മറാത്തികള്‍ക്കും മഹാരാഷ്ട്രക്കുമായി ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഈ സഖ്യം താനെയിലും സംസ്ഥാനത്താകെയും മറാത്തി പ്രാതിനിധ്യം ശക്തമാക്കും. ബാല്‍ താക്കറെയുടെ പൈതൃകത്തെ ചതിച്ചവര്‍ക്ക് താനെയിലെ ജനം തെരഞ്ഞെടുപ്പിലൂടെ അര്‍ഹമായ മറുപടി നല്‍കും'' -റാവത്ത് പറഞ്ഞു.

ഷിന്‍ഡെ വിഭാഗം സേനക്കുള്ളില്‍ ബി.ജെ.പി സഖ്യത്തെ ചൊല്ലി അസ്വാരസ്യങ്ങള്‍ ഉയരുന്നതിനിടെയാണ് റാവത്ത് ഇക്കാര്യം പറയുന്നതെന്നത് ശ്രദ്ധേയമാണ്. ഷിന്‍ഡെക്കൊപ്പമുള്ള ഏതാനും ശിവസേന എം.എല്‍.എമാര്‍ താനെയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യമുപേക്ഷിച്ച് ഒറ്റക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ 131 സീറ്റിലേക്കാണ് താനെയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2017ലെ തെരഞ്ഞെടുപ്പില്‍ അവിഭക്ത ശിവസേന 67 സീറ്റിലും ബി.ജെ.പി 23 സീറ്റിലും ജയം പിടിച്ചിരുന്നു.

അതേസമയം രണ്ട് പതിറ്റാണ്ടോളം അകല്‍ച്ചയിലായിരുന്ന ഉദ്ധവ്, രാജ് താക്കറെമാര്‍ അടുത്തിടെ മുംബൈ ശിവജി പാര്‍ക്കില്‍ നടന്ന എം.എന്‍.എസ് ദീപോത്സവില്‍ ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. മറാത്തി ഐക്യം ജനങ്ങളുടെ ജീവിതത്തില്‍ പുതുവെളിച്ചവും സന്തോഷവും പകരുമെന്നാണ് അന്ന് ഉദ്ധവ് പറഞ്ഞത്. പ്രൈമറി ക്ലാസുകളില്‍ ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്ന കേന്ദ്ര നിര്‍ദേശത്തിനെതിരെ ഇരു നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചതും ശ്രദ്ധേയമായി.

Similar News