നീലഗിരി ജില്ലയില്‍ കനത്ത മഴയും മണ്ണിടിച്ചിലും: ഊട്ടി - മേട്ടുപ്പാളയം ട്രെയിന്‍ സര്‍വീസ് റദ്ദാക്കി; ട്രാക്ക് ക്ലിയര്‍ ചെയ്യാനുള്ള ജോലികള്‍ തുടങ്ങി
ഊട്ടി - മേട്ടുപ്പാളയം ട്രെയിന്‍ സര്‍വീസ് റദ്ദാക്കി; ട്രാക്ക്
കോയമ്പത്തൂര്‍: നീലഗിരി ജില്ലയില്‍ പെയ്ത കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഊട്ടി - മേട്ടുപ്പാളയം ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി. ഹില്‍ ഗ്രോവ്, അറുവങ്കാട് എന്നിവടങ്ങളില്‍ ട്രാക്കിന് മുകളില്‍ പാറക്കല്ലുകളും മണ്ണും നിറഞ്ഞു. ട്രാക്ക് ക്ലിയര്‍ ചെയ്യാനുള്ള ജോലികള്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറുടെ നേതൃത്വത്തില്‍ നടന്നു വരികയാണ്.
തമിഴ്നാട്ടില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ നീലഗിരി ജില്ലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇത് പല പ്രദേശങ്ങളിലും റോഡുകളില്‍ നാശനഷ്ടമുണ്ടാക്കി. മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കുള്ള മലയോര ട്രെയിന്‍ സര്‍വീസിനു പുറമെ പ്രത്യേക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന്, കൂനൂരിനും മേട്ടുപ്പാളയത്തിനും ഇടയിലുള്ള മലയോര റെയില്‍വേ ട്രാക്കില്‍ പത്തോളം സ്ഥലങ്ങളില്‍ മണ്ണും മരങ്ങളും വീണു. റണ്ണിമേട് റെയില്‍വേ സ്റ്റേഷനില്‍ ട്രാക്ക് പൂര്‍ണ്ണമായും അവശിഷ്ടങ്ങള്‍ കൊണ്ട് മൂടി.
കുനൂരിലെ 'ഉഴവര്‍ സന്ധൈ'ക്ക് സമീപമുള്ള മോഡല്‍ ഹൗസില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടുകളിലേക്ക് വെള്ളം കയറി. 'കരുമ്പലം', ഗ്ലെന്‍ഡേല്‍ പ്രദേശങ്ങളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂനൂര്‍-കട്ടബെട്ടു റോഡിലെ വണ്ടിച്ചോലൈയിലും കോടനാട് പ്രദേശത്തും റോഡിലേക്ക് പാറകള്‍ ഉരുണ്ടു വീണു.
മഴ കാരണം ബസ് ഷെല്‍ട്ടറില്‍ കയറി നിന്ന യുവാവ് വെള്ളം നിറഞ്ഞ ഓടയിലേക്ക് വഴുതി വീണ് ഒഴുക്കില്‍പ്പെട്ടു. പൊലീസും രക്ഷാപ്രവര്‍ത്തകരും യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.