പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആളുകൾ; ദീപാവലി ആഘോഷത്തിൽ ശ്വാസംമുട്ടി നഗരം; ഡൽഹിയിൽ വീണ്ടും മലിനീകരണത്തോത് 400 കടന്നു; അതീവ ഗുരുതരമെന്ന് അധികൃതർ

Update: 2025-10-19 07:56 GMT

ഡൽഹി: ദീപാവലി ആഘോഷങ്ങൾക്കിടയിൽ തലസ്ഥാന ന​ഗരിയായ ദില്ലിയിൽ വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക്. ന​ഗരത്തിലെ പല ഭാഗങ്ങളിലും വായു ഗുണനിലവാര സൂചിക (AQI) 400 കടന്നു. അക്ഷർധാമിൽ 426ഉം ആനന്ദ് വിഹാറിൽ 416ഉം ആണ് രേഖപ്പെടുത്തിയ മലിനീകരണ തോത്. ഇത് അനുവദനീയമായ അളവിനേക്കാൾ എട്ടിരട്ടിയിലധികമാണ്. ന​ഗരത്തിൽ ഒൻപത് ഇടങ്ങളിൽ മലിനീകരണ തോത് 300 കടന്നു. ശരാശരി AQI 270 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.

സുപ്രീംകോടതി അനുമതി നൽകിയ നിശ്ചിത സമയപരിധി ലംഘിച്ചുള്ള പടക്കം പൊട്ടിക്കൽ ആഘോഷങ്ങളും ന​ഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കും മലിനീകരണം ഇരട്ടിയാക്കാൻ കാരണമായി. ദീപാവലി ആഘോഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്ഥിതി കൂടുതൽ വഷളായേക്കുമെന്നാണ് ആശങ്ക. നാളെയും മറ്റന്നാളും നിശ്ചിത സമയങ്ങളിൽ പടക്കം പൊട്ടിക്കാൻ സുപ്രീംകോടതി അനുമതിയുണ്ട്.

അതേസമയം, മലിനീകരണം നിയന്ത്രിക്കാൻ ദില്ലി സർക്കാർ ക്ലൗഡ് സീഡിങ്ങിലൂടെ കൃത്രിമ മഴ പെയ്യിക്കാനുള്ള നീക്കത്തിലാണ്. ഇതിനോടകം നാല് തവണ പരീക്ഷണ പറക്കലുകൾ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അനുമതി നൽകിയാൽ ക്ലൗഡ് സീഡിംഗ് നടത്താൻ സജ്ജമാണെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതിരൂക്ഷമായ വായു മലിനീകരണം കാരണം ന​ഗരവാസികളും വിനോദസഞ്ചാരികളും ആശങ്കയിലാണ്.

Tags:    

Similar News