ട്രെയിനില്‍ ടിടിഇയോട് തട്ടിക്കയറി ലോക്കോ പൈലറ്റിന്റെ ഭാര്യ; വീഡിയോ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനം
ലഖ്നൗ: ഇന്ത്യയിലെ ട്രെയിനുകളില്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. കൂടുതലും ടിടിഇമാരോട് യാത്രക്കാര്‍ വഴക്കുണ്ടാക്കുന്നതും അവരുടെ പ്രതികരണങ്ങളുമാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വലിയ വിവാദമായിരിക്കുകയാണ്. ഒരു ലോക്കോ പൈലറ്റിന്റെ ഭാര്യ ടിടിഇയുമായി വഴക്കുണ്ടാക്കുന്നതാണ് വിഡിയോയിലുള്ളത്. മറ്റുള്ളവര്‍ക്ക് വേണ്ടി റിസര്‍വ് ചെയ്തിരിക്കുന്ന സീറ്റിനെ ചൊല്ലിയാണ് സ്ത്രീയും ടിടിഇയും തമ്മില്‍ വഴക്ക് നടക്കുന്നത്. ലഖ്നൗ ഡിവിഷനിലെ ലോക്കോ പൈലറ്റിന്റെ ഭാര്യയായ ആനന്ദി കുമാര്‍ ആണ് വീഡിയോയില്‍ ഉള്ളത്.
ലഖ്നൗവിലെ ഗോമതി നഗറില്‍ നിന്ന് ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലേക്ക് പോവുന്ന ട്രെയിന്‍ നമ്പര്‍ 15090 ഗോഡ്ഡ എക്സ്പ്രസിലാണ് സംഭവം നടന്നത്. സ്ത്രീയുടെ പെരുമാറ്റം സഹയാത്രികര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും ആളുകളുടെ വിമര്‍ശനം ഏറ്റുവാങ്ങുകയാണ്. പിന്നാലെ, സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ അവര്‍ക്കുവേണ്ടി ക്ഷമാപണം നടത്തിയെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീഡിയോ പ്രകാരം, ഇവരുടെ ഭര്‍ത്താവ് അനില്‍ കുമാറിന് വേണ്ടി റിസര്‍വ് ചെയ്ത സീറ്റിലാണ് ഇവര്‍ ഇരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍, അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ഇവരുടെ പേരില്‍ അല്ലാത്തതിനാല്‍ റിസര്‍വേഷന്‍ എഗൈന്‍സ്റ്റ് ക്യാന്‍സലേഷന്‍ (ആര്‍എസി) യാത്രക്കാര്‍ക്ക് ആ സീറ്റ് നല്‍കണമെന്നാണ് ടിടിഇ വിശദീകരിക്കുന്നത്. മാത്രമല്ല, കൂടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റ് കാണിക്കാന്‍ ടിടിഇ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കും താന്‍ ടിക്കറ്റ് എടുത്തില്ല എന്ന് ഇവര്‍ പറയുകയായിരുന്നു. അങ്ങനെ ഈ സീറ്റില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ ടിടിഇയുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയായിരുന്നു.