മുസ്ലിം സ്ത്രീകൾ നമസ്കരിച്ച സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധികലശം നടത്തി ഹിന്ദുത്വ സംഘടനകൾ; സംസ്കാരവും പാരമ്പര്യവും ചരിത്രവും മാനിക്കണം, നമസ്കാരം നടത്തിയവർക്കെതിരെ നടപടി വേണമെന്നും ബി.ജെ.പി എം.പി

Update: 2025-10-20 08:34 GMT

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ ചരിത്രപ്രസിദ്ധമായ ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ നമസ്കരിച്ചതിനെ തുടർന്ന് സ്ഥലത്ത് ഗോമൂത്രം തളിച്ച് ശുദ്ധീകരണ കർമ്മങ്ങൾ നടത്തി ഹിന്ദുത്വ സംഘടനകൾ. ബി.ജെ.പി രാജ്യസഭാംഗം ഡോ. മേധ കുൽക്കർണിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘടനകളാണ് ശുദ്ധീകരണ പരിപാടികൾ നടത്തിയത്. നമസ്കാരം നടത്തിയവർക്കെതിരെ നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശനിവാർ വാഡ സന്ദർശിക്കാനെത്തിയ മുസ്ലിം സ്ത്രീകളാണ് ഇവിടെ നമസ്കാരം നടത്തിയത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഞായറാഴ്ച പതിത് പവൻ, ഹിന്ദു സകാൽ സമാജം തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ ഗോമൂത്രം തളിച്ചും ശിവപ്രാർത്ഥന നടത്തിയുമാണ് സ്ഥലത്ത് ശുദ്ധീകരണം നടത്തിയത്. മുസ്ലിംങ്ങൾ നമസ്കരിച്ച സ്ഥലത്ത് ശിവനെ ആരാധിച്ച് ശുദ്ധീകരിക്കണമെന്നായിരുന്നു ഡോ. മേധ കുൽക്കർണിയുടെ ആവശ്യം.

മറാത്ത സാമ്രാജ്യത്തിൻ്റെ സുപ്രധാന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ശനിവാർ വാഡയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹിന്ദുക്കൾ ഒന്നിച്ചുനിൽക്കണമെന്നും അവർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഹിന്ദു സംസ്കാരവും പാരമ്പര്യവും ചരിത്രവും ആഘോഷിക്കപ്പെടേണ്ടതാണെന്നും, എന്നാൽ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ശനിവാർ വാഡ മുസ്ലിംങ്ങൾക്ക് പ്രാർത്ഥന നടത്താനുള്ള സ്ഥലമല്ലെന്നും, അവിടെ നമസ്കാരം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ വ്യക്തമാക്കി.

അതേസമയം, ബി.ജെ.പി എം.പിയുടെ നടപടിയെ വിമർശിച്ച് അജിത് പവാർ നയിക്കുന്ന എൻ.സി.പി, കോൺഗ്രസ്, എ.എ.പി തുടങ്ങിയ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. നഗരസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വോട്ടർമാരെ ധ്രുവീകരിക്കാൻ മാത്രമേ ഇത്തരം നടപടികൾ കൊണ്ട് സാധിക്കൂ എന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.

ശനിവാർ വാഡ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) കീഴിലുള്ള ചരിത്രസ്മാരകമാണ്. മുസ്ലിം സ്ത്രീകൾ നമസ്കരിച്ചതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. 1736-ൽ ശിവാജിയുടെ പിൻമുറക്കാരനും മറാത്ത സാമ്രാജ്യത്തിൻ്റെ പെഷ്വായുമായിരുന്ന ബാജി റാവു ഒന്നാമനാണ് ശനിവാർ വാഡ പണി കഴിപ്പിച്ചത്. 13 നിലകളുണ്ടായിരുന്ന ഈ കോട്ട 1818 വരെ പെഷ്വാമാരുടെ ആസ്ഥാനമായിരുന്നു. 1828-ലെ തീപ്പിടിത്തത്തിൽ കോട്ടക്ക് വലിയ നാശനഷ്ടം സംഭവിച്ചിരുന്നു.

Tags:    

Similar News