'മോന്ത' ചുഴലിക്കാറ്റ്; തമിഴ്നാട് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Update: 2025-10-27 12:16 GMT

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മോന്ത' ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാല്‍ സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ ആന്ധ്രയുടെ തീരത്തേക്ക് അതിവേഗം നീങ്ങുന്ന ചുഴലിക്കാറ്റ് ഈ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ അധികൃതര്‍ വലിയ തോതിലുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും താമസക്കാരും വീടിനുള്ളില്‍ തന്നെ തുടരാനും കടലില്‍ പോകുന്നത് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

നിലവിലെ പ്രവചനങ്ങള്‍ അനുസരിച്ച് നാളെ ആന്ധ്രാതീരം കടക്കുന്നതിനാല്‍ ഇനിവരുന്ന ദിവസങ്ങള്‍ വളരെ നിര്‍ണായകമാണെന്ന് അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

വിമാനത്താവളം, മത്സ്യബന്ധനം എന്നിവയുള്‍പ്പെടെയുള്ള യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചുഴലിക്കാറ്റിനെ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ ദുരിതാശ്വാസ കാമ്പുകള്‍ തുറന്നിട്ടുണ്ട്.

Similar News