മകള്‍ക്ക് ചികില്‍സ നിഷേധിച്ചു; ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ച് ഡോക്ടര്‍; വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം
അഹമ്മദാബാദ്: ഗുജറാത്തിലെ സോള സിവില്‍ ആശുപത്രിയില്‍ ഡോക്ടര്‍ രോഗിയുടെ പിതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം കടുക്കുന്നു. മകള്‍ക്ക് ചികിത്സ നിഷേധിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പിതാവിനെ മര്‍ദ്ദിച്ചത്. ദൃശ്യങ്ങള്‍ വിഡിയോയിലൂടെ പുറത്തായി. സംഭവം സമൂഹ മാധ്യമത്തില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഡോക്ടറെ സസ്പെന്‍ഡ് ചെയ്യണമെന്നും വിഷയത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
ഈ മാസം 26നാണ് സംഭവം. മഞ്ഞ കുര്‍ത്ത ധരിച്ച ഡോക്ടര്‍, കടുത്ത ദേഷ്യത്തില്‍ ആഷിക് ഹരിഭായ് ചാവ്ദ എന്നയാള്‍ക്കു നേരെ കയര്‍ക്കുന്നതും അയാളെ തല്ലുന്നതും കുട്ടിയെ ചികിത്സിക്കാന്‍ വിസമ്മതിക്കുന്നതും കാണാം.
മകളെ ചികില്‍സക്കായി കൊണ്ടുവന്ന ചാവ്ദയുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത് അയാള്‍ തന്റെ ഫോണില്‍ റെക്കോര്‍ഡുചെയ്യാന്‍ തുടങ്ങിയപ്പോള്‍ പ്രകോപിതയായ ഡോക്ടര്‍ 'മൊബൈല്‍ താഴെ വെക്കൂ' എന്ന് ചാവ്ദയോട് ആക്രോശിക്കുന്നത് കേള്‍ക്കാം. 'എന്തിനെന്ന്' അയാള്‍ ചോദിച്ചപ്പോള്‍ അവര്‍ അടുത്തേക്ക് നീങ്ങി കൈ ഉയര്‍ത്തി അയാളുടെ മുഖത്തടിച്ചു.
സമീപത്ത് ഒരു സുരക്ഷാ ജീവനക്കാരനെ കാണാമെങ്കിലും അയാള്‍ ഉടനടി ഇടപെട്ടില്ല. തുടര്‍ന്ന് ഡോക്ടര്‍ ചികിത്സ നല്‍കാന്‍ വിസമ്മതിക്കുകയും ചാവ്ദ മോശമായി പെരുമാറിയെന്ന് ആരോപിക്കുകയും ചെയ്തു.
'എക്സി'ല്‍ പ്രചരിച്ച വിഡിയോ ഉപയോക്താക്കളില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ ഏറ്റുവാങ്ങി. ഡോക്ടറുടെ പെരുമാറ്റത്തെ പലരും അപലപിച്ചു. അവരെ അറസ്റ്റ് ചെയ്യണമെന്നും മെഡിക്കല്‍ ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സോള സിവില്‍ ആശുപത്രിയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.