പഞ്ചാബില്‍ ദേശീയ കബഡി താരം വെടിയേറ്റ് മരിച്ചു; മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്
ലുധിയാന: പഞ്ചാബില്‍ ദേശീയ കബഡി താരം തേജ്പാല്‍ സിംഗ് (26) വെടിയേറ്റ് മരിച്ചു. ജഗ്രാവോണിന് സമീപമുള്ള ഗിദ്ദര്‍വിന്ദി ഗ്രാമവാസിയാണ് കൊല്ലപ്പെട്ട തേജ്പാല്‍ സിംഗ്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമികവിവരമെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ജഗ്രാവോണ്‍ പട്ടണത്തില്‍ നടുറോഡില്‍ ആയിരുന്നു കൊലപാതകം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഒരു വെള്ള സ്വിഫ്റ്റ് കാറിലെത്തിയ മൂന്നോ നാലോ പേരടങ്ങുന്ന സംഘമാണ് തേജ്പാലിന് നേരെ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
തേജ്പാലിന് പ്രതികളുമായി മുന്‍പ് ചില തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത് പൊലീസില്‍ അറിയിച്ചിരുന്നില്ലെന്നും ലുധിയാന റൂറല്‍ എസ്എസ്പി പറഞ്ഞു. റൂമി ഗ്രാമത്തിലെ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൊഗാ സ്വദേശിയായ മറ്റൊരാളും സംഘത്തിലുണ്ടായിരുന്നതായി സംശയിക്കുന്നു.
തിരിച്ചറിഞ്ഞ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും എസ്എസ്പി അറിയിച്ചു. ജഗ്രാവോണ്‍ സിറ്റി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.