പനീര്‍സെല്‍വവുമായും ദിനകരനുമായും കൂടിക്കാഴ്ച നടത്തി; പിന്നാലെ കെ.എ. സെങ്കോട്ടയ്യനെ എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കി
ചെന്നൈ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മുതിര്‍ന്ന നേതാവും ഗോപിചെട്ടിപാളയം എംഎല്‍എയുമായ കെ.എ. സെങ്കോട്ടയ്യനെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയാണ് നടപടി എടുത്തത്. നേരത്തെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെട്ട ഒ. പനീര്‍സെല്‍വവും എഎംഎംകെ സ്ഥാപകന്‍ ടി.ടി.വി. ദിനകരനുമൊത്ത് സെങ്കോട്ടയ്യന്‍ കഴിഞ്ഞദിവസം ഒരേ കാറില്‍ സഞ്ചരിക്കുകയും രാമനാഥപുരം ജില്ലയിലെ പാസുംപൊനില്‍വെച്ച് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കിയത്.
പാര്‍ട്ടിയുടെ പ്രമാണങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് സെങ്കോട്ടയ്യനെതിരേ നടപടി കൈക്കൊണ്ടതെന്ന് പളനിസ്വാമി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, പനീര്‍സെല്‍വവുമായുള്ള സെങ്കോട്ടയ്യന്റെ കൂടിക്കാഴ്ചയും ഒരുമിച്ച് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതും ആകസ്മികമല്ലെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. നേരത്തെ വി.കെ. ശശികലയുമായും സെങ്കോട്ടയ്യന്‍ കൂടിക്കാഴ്ച നടത്തിയിരന്നു. ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് സെങ്കോട്ടയ്യന്‍. ഒന്‍പതുവട്ടം എംഎല്‍എ ആയിട്ടുണ്ട്. ആദ്യ ജയലളിത മന്ത്രിസഭയില്‍ ഗതാഗത-വനംവകുപ്പ് മന്ത്രിയായിരുന്നു. 2011-ലും മന്ത്രിസഭാംഗമായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സെങ്കോട്ടയ്യനും പളനിസ്വാമിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു എന്നാണ് വിവരം.