ആര്‍ത്തവം കാരണം ജോലിക്കെത്താന്‍ വൈകി; വസ്ത്രമഴിച്ച് പരിശോധിച്ചു; സര്‍വകലാശാലാ സൂപ്പര്‍വൈസര്‍മാര്‍ക്കെതിരെ പ്രതിഷേധം; കേസെടുത്ത് വനിതാ കമ്മീഷന്‍
ചണ്ഡീഗഢ്: ആര്‍ത്തവം കാരണം ജോലിക്കെത്താന്‍ വൈകിയെന്ന് പറഞ്ഞ വനിതാ ശുചീകരണത്തൊഴിലാളികളെ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി. ഹരിയാണയിലെ റോഹ്ത്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയിലെ നാല് വനിതാ ശുചീകരണത്തൊഴിലാളികളാണ് ദുരനുഭവം നേരിട്ടത്. പുരുഷന്മാരായ രണ്ട് സൂപ്പര്‍വൈസര്‍മാര്‍ക്കെതിരേ ഇവര്‍ പരാതിയുമായി രംഗത്തെത്തിയത്.സൂപ്പര്‍വൈസര്‍മാര്‍ക്കെതിരേ കടുത്ത നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ രജിസ്ട്രാറും വൈസ് ചാന്‍സലറും തൊഴിലാളികളുമായി സംസാരിച്ചു. ഇതിനുപിന്നാലെ സൂപ്പര്‍വൈസര്‍മാരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി.
ഒക്ടോബര്‍ 26-നാണ് സംഭവമുണ്ടായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഹരിയാണ ഗവര്‍ണര്‍ അസിംകുമാര്‍ ഘോഷ് അന്നേദിവസം സര്‍വകലാശാല കാമ്പസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, ഗവര്‍ണറുടെ സന്ദര്‍ശനം നടക്കുന്ന ദിവസം ശുചീകരണത്തൊഴിലാളികളായ നാല് സ്ത്രീകള്‍ വൈകിയാണ് ജോലിക്കെത്തിയത്. സൂപ്പര്‍വൈസര്‍മാരായ വിനോദ് കുമാറും വിതേന്ദര്‍ കുമാറും ഇത് ചോദ്യംചെയ്തു. ആര്‍ത്തവം കാരണമാണ് ജോലിക്കെത്താന്‍ വൈകിയതെന്നായിരുന്നു തൊഴിലാളികളുടെ മറുപടി. എന്നാല്‍, സൂപ്പര്‍വൈസര്‍മാര്‍ ഇവരുടെ വിശദീകരണം അംഗീകരിച്ചില്ല. തെളിവ് വേണമെന്നായിരുന്നു ആവശ്യം. തുടര്‍ന്നാണ് സൂപ്പര്‍വൈസര്‍മാര്‍ സ്ത്രീകളിലൊരാളോട് വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് മറ്റൊരു ജീവനക്കാരിയോട് ഇവരുടെ സാനിറ്ററി പാഡുകള്‍ പരിശോധിക്കാനും ആവശ്യപ്പെട്ടു. തെളിവിനാണെന്ന് പറഞ്ഞ് സാനിറ്ററി പാഡുകളുടെ ചിത്രം പകര്‍ത്തിയതായും പരാതിയുണ്ട്.
പരിശോധന അതിരുകടന്നതോടെ സൂപ്പര്‍വൈസര്‍മാര്‍ അപമാനിച്ചെന്ന് പറഞ്ഞ് തൊഴിലാളികള്‍ ബഹളംവെച്ചു. ഇവര്‍ പ്രതിഷേധവും ആരംഭിച്ചു. ഇതോടെ മറ്റു തൊഴിലാളികളും കാമ്പസിലെ വിദ്യാര്‍ഥികളും ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. പോലീസിനെ വിളിച്ചുവരുത്തി ഇരുവരെയും പോലീസിന് കൈമാറുകയുംചെയ്തു. സംഭവത്തില്‍ ഹരിയാണ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.