ഇഎംഐ യിലാണ് ഇപ്പോൾ ജീവിതം പോകുന്നത്; അതുകൊണ്ട് എനിക്കിത് ചെയ്തേ പറ്റു..; ചിലവുകൾ കണ്ടെത്താൻ മാർഗമില്ലാതെ റാപ്പിഡോ ഡ്രൈവറായി ഐടി എഞ്ചിനീയർ; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
നോയിഡ: നോയിഡയിലെ ഒരു ഐടി എഞ്ചിനീയർക്ക് സ്ഥിരവരുമാനം നിലച്ചതിനെ തുടർന്ന് ഇഎംഐയും മറ്റ് ചിലവുകളും കണ്ടെത്താനായി റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യേണ്ടി വന്ന സംഭവം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ആഗോളതലത്തിൽ ഐടി മേഖലയിൽ നിലനിൽക്കുന്ന കൂട്ടപ്പിരിച്ചുവിടലുകളും തൊഴിൽ അരക്ഷിതാവസ്ഥയുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
മെച്ചപ്പെട്ട ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ മുൻ ജോലി ഉപേക്ഷിച്ച ഇദ്ദേഹത്തിന്, നിലവിലെ പ്രതികൂല സാഹചര്യം കാരണം രണ്ട് മാസമായി സ്ഥിരവരുമാനമുള്ള ജോലി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സാമ്പത്തിക ബാധ്യതകൾ മറികടക്കുന്നതിനായി, ഇദ്ദേഹം താമസിച്ചിരുന്ന വലിയ അപ്പാർട്ട്‌മെൻ്റ് വാടകയ്ക്ക് നൽകുകയും, കുറഞ്ഞ വാടകയുള്ള മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു. ഈ അവസ്ഥയിൽ റാപ്പിഡോ ഓടിച്ചും ഫ്രീലാൻസ് ജോലികൾ ചെയ്തുമാണ് ഇദ്ദേഹം ദൈനംദിന ചിലവുകൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ അനുഭവം പങ്കുവെച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.