'ഇനി ആകാശത്തെ 'തൊട്ട്' പറക്കാം..'; ഡൽഹിയിൽ 'ഹോട്ട് എയർ ബലൂൺ' റൈഡ്; 120 അടി ഉയരത്തിൽ കാഴ്ചകൾ ആസ്വദിച്ച് യാത്ര; ടൂറിസം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിൽ അധികൃതർ
ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ സാഹസിക ടൂറിസത്തിന് പുതിയ ആകർഷണമായി ഹോട്ട് എയർ ബലൂൺ റൈഡുകൾക്ക് തുടക്കമാകുന്നു. നവംബർ 29 ശനിയാഴ്ച മുതൽ യമുനയിലെ ഡിഡിഎയുടെ ബാൻസേര പാർക്കിൽ നിന്നാണ് ഈ ആകാശയാത്ര ആരംഭിക്കുന്നത്. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയാണ് പദ്ധതി പ്രഖ്യാപിച്ചത്.
യമുന നദീതീരത്തുനിന്ന് 120 അടി വരെ ഉയരത്തിൽ 15 മുതൽ 20 മിനിറ്റ് വരെ നീളുന്ന പനോരമിക് റൈഡ് യാത്രക്കാർക്ക് ആസ്വദിക്കാം. ഒരു വ്യക്തിക്ക് ₹3,000 രൂപയും ടാക്സും ആണ് നിരക്ക്. ഒരു സ്ലോട്ടിൽ നാല് പേർക്ക് വരെ യാത്ര ചെയ്യാം. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് റൈഡുകൾ പ്രവർത്തിക്കുക.
അക്ഷർധാം ക്ഷേത്രം, സിഗ്നേച്ചർ ബ്രിഡ്ജ്, യമുനയുടെ അതിമനോഹരമായ പ്രഭാത, അസ്തമയ കാഴ്ചകൾ എന്നിവ ബലൂൺ യാത്രയിൽ ആസ്വദിക്കാൻ സാധിക്കും. കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചായിരിക്കും റൈഡുകൾ നടത്തുക.