ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംഘര്‍ഷം; പ്രശാന്ത് കിഷോറിന്റെ ജെഎസ്പിയിലെ നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

Update: 2025-10-30 15:09 GMT

പട്ന: ആര്‍ജെഡി വിട്ട് പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാവ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ അടുത്ത അനുയായിയും മുന്‍ ആര്‍ജെഡി നേതാവുമായിരുന്ന ദുലാര്‍ചന്ദ് യാദവാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മൊകാമയില്‍ ജെഎസ്പി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്തവേയാണ് വെടിയേറ്റത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രണ്ടു സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. നെഞ്ചില്‍ വെടിയേറ്റ യാദവ്, തല്‍ക്ഷണം മരിച്ചു. 1990-കളില്‍ ബിഹാറില്‍ ആര്‍ജെഡി അധികാരത്തിലിരിക്കേ മൊകാമ താല്‍ മേഖലയിലെ പ്രമുഖ നേതാവായിരുന്നു യാദവ്.

കൊലപാതകത്തിന് പിന്നില്‍ ജെഡിയു സ്ഥാനാര്‍ഥിയും മൊകാമ മുന്‍ എംഎല്‍എയുമായ അനന്ത് സിങ് ആണെന്ന് ദുലാര്‍ചന്ദിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍, ആര്‍ജെഡിയുടെ സൂരജ്ഭാന്‍ സിങ്ങാണ് ദുലാര്‍ചന്ദിനെ കൊലപ്പെടുത്തിയതെന്നാണ് അനന്ത് സിങ്ങിന്റെ ആരോപണം. സൂരജ് ഭാന്‍ സിങ്ങിന്റെ ഭാര്യ വീണാദേവിയാണ് മൊകാമയിലെ ആര്‍ജെഡി സ്ഥാനാര്‍ഥി. പീയുഷ് പ്രിയദര്‍ശിയാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി.

Similar News