കുര്‍ണൂലില്‍ 19 പേര്‍ വെന്തുമരിച്ച ബസ് അപകടം: മൂന്നാമത് ഒരു വാഹനം കൂടി ഉള്‍പ്പെട്ടിരുന്നതായി പൊലീസ്
കുര്‍ണൂലില്‍ 19 പേര്‍ വെന്തുമരിച്ച ബസ് അപകടം: മൂന്നാമത് ഒരു വാഹനം കൂടി ഉള്‍പ്പെട്ടിരുന്നതായി പൊലീസ്
കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂലില്‍ ബസിന് തീപിടിച്ച് 19 യാത്രക്കാര്‍ വെന്തുമരിച്ച അപകടത്തില്‍ മൂന്നാമത് ഒരു വാഹനം കൂടി ഉള്‍പ്പെട്ടിരുന്നതായി അന്വേഷണ സംഘം. അപകടത്തില്‍ മൂന്നാമത്തെ വാഹനത്തിനും പങ്കുണ്ടെന്നും സംസ്ഥാന പൊലീസ് സംശയിക്കുന്നു.
ഒക്ടോബര്‍ 24 ന് പുലര്‍ച്ചെ ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്ലീപ്പര്‍ ബസ് ഒരു ബൈക്കിന് മുകളിലൂടെ ഇടിച്ച് കയറി. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിനടുത്താണ് അപകടം. ബസിനടിയില്‍ കുടുങ്ങി മുന്നോട്ട് നീങ്ങുന്നതിനിടെ ബൈക്കിന്റെ ടാങ്ക് മൂടി തുറന്ന് ഇന്ധനം പുറത്തെത്തി. ബസ് വീണുകിടന്ന ബൈക്കിന് മുകളില്‍ ഇടിച്ചതോടെ തീപ്പൊരി ഉണ്ടായി പെട്രോളില്‍ പടര്‍ന്ന് തീപിടിച്ചു. തുടര്‍ന്ന് ബസ് കത്തി എന്നായിരുന്നു നിഗമനം.
ബൈക്ക് ഓടിച്ചിരുന്ന യുവാവ് തത്ക്ഷണം മരണപ്പെട്ടിരുന്നു. പിന്നീട് ഇതിന് പിന്നില്‍ സഞ്ചരിച്ചിരുന്ന കൂട്ടുകാരനെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ബൈക്ക് അപകടം നേരത്തെ നടന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചത്. വീണു കിടന്ന ബൈക്കിലാണ് ബസ് ഇടിച്ചത്. ഈ ബൈക്ക് അപകടം സംഭവിച്ചതില്‍ മൂന്നാമത് ഒരു വാഹനത്തിനും പങ്കുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
കാവേരി ട്രാവല്‍സ് ബസിന്റെ സ്‌കിഡ് പാടുകള്‍ ഇരുചക്ര വാഹനം ആദ്യം വീണ സ്ഥലത്തിന് അല്പം മുന്നിലായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബൈക്കിന്റെ സ്‌കിഡ് മാര്‍ക്കിന്റെ സ്ഥാനത്തിലെ വ്യത്യാസം സൂചിപ്പിക്കുന്നത് ബസ് അതിന് മുകളിലൂടെ ഇടിക്കുന്നതിന് മുമ്പ് മറ്റൊരു വാഹനം അതില്‍ ഇടിച്ചിരിക്കാമെന്നാണ്,' കര്‍ണൂല്‍ ജില്ലാ പോലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീല്‍ പിടിഐയോട് പറഞ്ഞു.