ധര്‍മ്മസ്ഥല കേസില്‍ വഴിത്തിരിവ്; എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു പരാതിക്കാര്‍
ധര്‍മ്മസ്ഥല കേസില്‍ വഴിത്തിരിവ്; എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു പരാതിക്കാര്‍
ബംഗളുരു: ധര്‍മ്മസ്ഥല ക്ഷേത്രത്തിനടുത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയ കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാര്‍. കേസില്‍ ആദ്യം പരാതി നല്‍കിയ സാമൂഹ്യ പ്രവര്‍ത്തകര്‍ തന്നെയാണ് തങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
പരാതി നല്‍കിയവരില്‍ പ്രധാനികളായ ഗിരീഷ് മത്തേണ്ണവര്‍, തിമ്മരോഡി, ജയന്ത് ടി. എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം തങ്ങള്‍ക്ക് നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലവില്‍ സിറ്റ് അന്വേഷണം തുടരുന്നതിനിടയിലാണ് പരാതിക്കാരുടെ ഈ നീക്കം.
തങ്ങളുടെ മുന്‍ അവകാശവാദങ്ങളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കേസിനെക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരക്കുന്നുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയതായി സൂചനയുണ്ട്. 1992 മുതല്‍ 2014 വരെ നൂറില്‍പ്പരം പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹം താന്‍ മറവുചെയ്തെന്ന ഒരു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ധര്‍മ്മസ്ഥലയില്‍ അന്വേഷണം ആരംഭിച്ചത്.
മൃതദേഹം കുഴിച്ചിടുന്നത് നേരിട്ട് കണ്ടെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ വീട്ടമ്മ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചിരുന്നു. കൊലപാതക പരമ്പരയില്‍ നേത്രാവതി സ്‌നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13ാമത് സ്‌പോട്ടില്‍ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നും മൊഴി ലഭിച്ചിരുന്നു.