ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം വൈകിപ്പിക്കുന്നത് ഗുരുതര വീഴ്ച: രാജ്യവ്യാപക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതി
ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം വൈകിപ്പിക്കുന്നത് ഗുരുതര വീഴ്ച: രാജ്യവ്യാപക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ കുറ്റപത്രം അനാവശ്യമായി വൈകുന്നതില്‍ മുന്നറിയിപ്പുമായി സുപ്രീംകോടതി. ഭാരതീയ നഗരിക് സുരക്ഷാ സംഹിത യിലെ 251(ബി) വകുപ്പ് പ്രകാരം സെഷന്‍സ് കോടതിക്ക് വിധേയമായ കേസുകളില്‍ ആദ്യ ഹിയറിംഗിന് ശേഷം 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. എന്നാല്‍ ഇത് പാലിക്കപ്പെടുന്നില്ല.
രണ്ടു വര്‍ഷമായി കസ്റ്റഡിയില്‍ കഴിയുന്ന പ്രതിക്കെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന കേസ് പരിഗണിക്കവെ ജസ്റ്റിസ് അരവിന്ദ് കുമാര്‍ ജസ്റ്റിസ് എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ സാഹചര്യത്തെ അതീവ ഗുരുതരം എന്ന് വിശേഷിപ്പിച്ചു
സിവില്‍ കേസുകളില്‍ വിഷയം നിശ്ചയിക്കാത്തതും ക്രിമിനല്‍ കേസുകളില്‍ കുറ്റചുമത്തല്‍ വൈകുന്നതും ന്യായനടപടികള്‍ നീണ്ടുപോകാനുള്ള പ്രധാന കാരണമാണ്. ഇത്തരത്തിലുള്ള താമസങ്ങള്‍ക്ക് കാരണമെന്താണെന്ന് അറിയണം. ആവശ്യമെങ്കില്‍ രാജ്യവ്യാപക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും,'' എന്ന് ജസ്റ്റിസ് അരവിന്ദ് കുമാര്‍ പറഞ്ഞു.
സീനിയര്‍ അഡ്വക്കേറ്റ് സിദ്ധാര്‍ത്ഥ് ലൂത്രയെ കോടതി അമിക്കസ് ക്യൂറി ആയി നിയമിച്ചു. കൂടാതെ അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഡ്വക്കേറ്റ് എസ്. നാഗമുത്തു എന്നിവരുടെയും സഹായം തേടി.