രാജസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ട്രാവലര്‍ ഇടിച്ചു കയറി അപകടം; 15 പേര്‍ മരിച്ചു: പരിക്കേറ്റ മൂന്നു പേരുടെ നില അതീവ ഗുരുതരം

നിർത്തിയിട്ടിരുന്ന ട്രക്കിൽ ട്രാവലർ ഇടിച്ചു കയറി, 15 മരണം

Update: 2025-11-03 00:26 GMT

ജയ്പുര്‍: രാജസ്ഥാനിലെ മട്ടോഡയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ട്രാവലര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ബികാനെറിലെ കപില്‍ മുനി ആശ്രമത്തില്‍ നിന്നു പ്രാര്‍ഥന കഴിഞ്ഞ് മടങ്ങിയ തീര്‍ഥാടക സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഭാരത് മാല ഹൈവേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്കാണ് ട്രാവലര്‍ ഇടിച്ചു കയറിയത്.

ജോധ്പൂരിലെ സുര്‍സാഗര്‍ പ്രദേശവാസികളാണിവരെന്നാണു വിവരം. സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ അനുശോചനമറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചു.

''മതോഡ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചത് അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണ്. മരിച്ചവരുടെ ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. പരുക്കേറ്റ എല്ലാവര്‍ക്കും ശരിയായ ചികിത്സ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്'' ഭജന്‍ ലാല്‍ ശര്‍മ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞമാസം ജോധ്പുര്‍ജയ്‌സല്‍മേര്‍ ഹൈവേയില്‍ സ്വകാര്യ ബസിനു തീപിടിച്ച് 21 യാത്രക്കാര്‍ മരിച്ചിരുന്നു. ബസിനു പിന്‍ഭാഗത്തുനിന്ന് പുക ഉയര്‍ന്നപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു.

Tags:    

Similar News