ഇന്‍ഡോറില്‍ മലിനജലം കുടിച്ച് നവജാത ശിശു ഉള്‍പ്പെടെ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Update: 2026-01-02 11:55 GMT

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് നവജാത ശിശു ഉള്‍പ്പെടെ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കുടിവെള്ളം മലിനമായിരുന്നു ലാബ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശം. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയിലൂടെ മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് പ്രശ്നത്തിന് ഇടയാക്കിയത്. കുടിവെള്ളം ഉപയോഗിച്ചുണ്ടായ ദുരന്തത്തില്‍ മധ്യപ്രദേശ് ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും.

മധ്യപ്രദേശ് ഇന്‍ഡോറിലെ ഭഗീരത്പുരയില്‍ മലിനമായ കുടിവെള്ളം ഉപയോഗിച്ച് നവജാതശിശു അടക്കം ഒന്‍പത് പേര്‍ മരിച്ചു എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ കണക്ക്. മരണസംഖ്യ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കം തുടരുകയാണ് സ്ഥലം സന്ദര്‍ശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് നാല് പേരാണ് മരിച്ചത് എന്ന് വ്യക്തമാക്കി. മണിക്കൂറുകള്‍ക്കകം, ഇന്‍ഡോര്‍ മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ ഏഴ് മരണങ്ങള്‍ സ്ഥിരീകരിച്ചു.

അതേ സമയം 6 മാസം പ്രായമായ കുഞ്ഞ് അടക്കം 13 പേര്‍ മരിച്ചതായി നാട്ടുകാര്‍ പറഞ്ഞു.120 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. 1400ലധികം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി ആണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. രണ്ടാഴ്ചക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആണ് നിര്‍ദ്ദേശം. ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിനു മുകളിലുള്ള കുഴിയിലേക്കു വഴിതിരിച്ചു വിട്ടതായി പരിശോധനയില്‍ കണ്ടെത്തി. കുടിവെള്ളത്തില്‍ മലിനമായിരുന്നുവെന്ന് ലാബ് പരിശോധനയിലും കണ്ടെത്തി.

Similar News