നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക നീക്കം; കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തി തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭ എം.പി മൗസം നൂര്‍. ശനിയാഴ്ച കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ജയ്‌റാം രമേശ്, ഗുലാം അഹ്‌മദ് മിര്‍, പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശഭാങ്കര്‍ സര്‍ക്കാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മൗസം നൂര്‍ പഴയ തട്ടകത്തില്‍ തിരിച്ചെത്തിയത്.
2009 മുതല്‍ 2019 വരെ പശ്ചിമ ബാംഗാളിലെ മാള്‍ഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് ലോക്‌സഭ അംഗമായിരുന്നു മൗസം നൂര്‍. പിന്നീട്, തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും രാജ്യസഭാംഗമാവുകയുമായിരുന്നു. ഏപ്രിലോടെ ഇവരുടെ രാജ്യസഭ കാലാവധി അവസാനിക്കും. നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മാള്‍ഡയില്‍ നിന്നും കോണ്‍ഗ്രസിനു വേണ്ടി ജനവിധി തേടിയേക്കും.
കുടുംബത്തിന്റെ തീരുമാനമായാണ് താന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയതെന്നും രാജ്യസഭ അംഗത്വം ഉടന്‍ രാജിവെക്കുമെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ മൗസം നൂര്‍ പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ഒരു ഉപാധിയുമില്ലാതെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി.