ആഴ്ചയില്‍ പ്രവൃത്തി ദിവസം അഞ്ചാക്കി ചുരുക്കണം; ജനുവരി 27ന് അഖിലേന്ത്യാ പണിമുടക്ക് നടത്താന്‍ ഒരുങ്ങി ബാങ്ക് ജീവനക്കാര്‍
ജനുവരി 27ന് അഖിലേന്ത്യാ പണിമുടക്ക് നടത്താന്‍ ബാങ്ക് ജീവനക്കാര്‍
തിരുവനന്തപുരം: ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന അറിയിച്ചു ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്ന ആവശ്യവുമായാണ് പണിമുടക്ക്. നിലവില്‍ ഞായറാഴ്ചകള്‍ കൂടാതെ ഓരോ മാസത്തെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാര്‍ക്ക് അവധിയുള്ളത്. ബാക്കിയുള്ള രണ്ട് ശനിയാഴ്ചകള്‍ കൂടി അവധിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ (യു എഫ് ബി യു) നേതൃത്വത്തിലാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുക.
ജനുവരി 24 നാലാം ശനിയും 25 ഞായറാഴ്ചയും 26 പൊതു അവധിയുമാണ്. 27ന് പണിമുടക്ക് നടക്കുകയാണെങ്കില്‍ പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം തുടര്‍ച്ചയായി നാല് ദിവസം മുടങ്ങും. ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ശമ്പള പരിഷ്‌കരണ കരാറിനിടെ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മില്‍ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇത് നടപ്പായില്ലെന്നാണ് പരാതി.
ശനിയാഴ്ച കൂടി അവധി നല്‍കിയാല്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രതിദിനം 40 മിനിറ്റ് അധികം ജോലി ചെയ്യാന്‍ ജീവനക്കാര്‍ സമ്മതിച്ചിട്ടുള്ളതിനാല്‍, പ്രവൃത്തി സമയത്തില്‍ കുറവുണ്ടാകില്ലെന്ന് സംഘടന അറിയിച്ചു. ആര്‍.ബി.ഐ, എല്‍ഐസി, ജിഐസി തുടങ്ങിയ സ്ഥാപനങ്ങളും നിലവില്‍ ആഴ്ചയില്‍ 5 ദിവസം മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു. വിദേശ വിനിമയ വിപണി, സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ എന്നിവ ശനിയാഴ്ചകളില്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ അഞ്ച് ദിവസമാക്കുന്നത് ഒരു തരത്തിലും ഉപഭോക്താക്കളെ ബാധിക്കില്ലെന്നും യുഎഫ്ബിയു അവകാശപ്പെടുന്നു.
'ഞങ്ങളുടെ ന്യായമായ ആവശ്യത്തോട് സര്‍ക്കാര്‍ പ്രതികരിക്കാത്തത് നിര്‍ഭാഗ്യകരമാണ്. അതിനാല്‍ ജനുവരി 27-ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും' എന്ന് യുഎഫ്ബിയു പ്രസ്താവനയില്‍ പറഞ്ഞു.