ശതകോടീശ്വരന്റെ ചെറുമകള്‍ സച്ചിന്റെ മരുമകളാകുന്നു! അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് കുടുംബം; വധു സാനിയ ചന്ദോക്കിന്റെ ആസ്തി കേട്ടാല്‍ ഞെട്ടും!
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ കുടുംബത്തില്‍ ഇനി വിവാഹാഘോഷത്തിന്റെ തിരക്കുകള്‍. സച്ചിന്റെ മകനും ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറുടെ വിവാഹത്തീയതി നിശ്ചയിച്ചതായി കുടുബം അറിയിച്ചു. അര്‍ജുനും സാനിയ ചന്ദോക്കും തമ്മിലുള്ള വിവാഹം മാര്‍ച്ചില്‍ നടത്തുമെന്ന് ഇരുവരുടെയും കുടുംബങ്ങള്‍ അറിയിച്ചു.
മാര്‍ച്ചിന് 5നാണ് പ്രധാനച്ചടങ്ങെങ്കിലും മൂന്നാം തീയതി മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും. മുംബൈയില്‍ വളരെ സ്വകാര്യമായിട്ടായിരിക്കും ചടങ്ങുകള്‍. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാകും പ്രവേശനം. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സില്‍നിന്ന് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിലേക്ക് മാറിയ, അര്‍ജുന്‍ വ്യക്തി ജീവിതത്തിനൊപ്പം ക്രിക്കറ്റ് കരിയറിലും പുതിയ ചുവടുവയ്പ്പുകള്‍ക്ക് ഒരുങ്ങുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടിയാണ് അര്‍ജുന്‍ കളിക്കുന്നത്. മുംബൈയിലെ അറിയപ്പെടുന്ന വ്യവസായി രവി ഘായിയുടെ ചെറുമകളാണ് അര്‍ജുന്റെ പ്രതിശ്രുത വധുവായ സാനിയ ചന്ദോക്ക്.
മുംബൈ ആസ്ഥാനമായി മൃഗപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പോസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്‌നര്‍ഷിപ്പിന്റെ സ്ഥാപക ഡയറക്ടറാണ് സാനിയ. പ്രശസ്ത ബിസിനസ് കുടുംബത്തിലെ അംഗവും ബിസിനസ് രംഗത്ത് സജീവവുമാണെങ്കിലും, സാനിയ പൊതുവേദികളില്‍ അത്ര സുപരിചിതയല്ല. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍, ബ്രൂക്ലിന്‍ ക്രീമറി തുടങ്ങിയവ ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഹോസ്പിറ്റാലിറ്റി, ഫുഡ് വ്യവസായങ്ങളാണ് ഘായി കുടുംബത്തിന്റെ ശക്തികേന്ദ്രം.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുംബൈയില്‍ തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു അര്‍ജുനും സാനിയയും തമ്മിലുള്ള വിവാഹനിശ്ചയം. ഇരുവരുടെയും കുടുംബാംഗങ്ങളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയത്തില്‍ പങ്കെടുത്തത്. വിവാഹനിശ്ചയം നടക്കുന്ന കാര്യം പുറത്തുവിട്ടിരുന്നില്ല. ചടങ്ങ് പൂര്‍ത്തിയായതിനു ശേഷമാണ് ദേശീയ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.
