ബിഹാറില്‍ വ്യാജ മരുന്ന് ഫാക്ടറി കണ്ടെത്തി; 27 കിലോഗ്രാം പാരസെറ്റമോള്‍ പൗഡറും ,19,800 വ്യാജ സിങ്ക് ഗുളികകളും പിടിച്ചെടുത്തു: ഒന്‍പത് പേര്‍ അറസ്റ്റില്‍
ബിഹാറില്‍ വ്യാജ മരുന്ന് ഫാക്ടറി കണ്ടെത്തി
പട്‌ന: ബിഹാറിലെ ഗയയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ മരുന്നു ഫാക്ടറി കണ്ടെത്തി പോലിസ്. യാതൊരു ലൈസന്‍സുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വ്യാജ മരുന്നുനിര്‍മാണശാലയാണ് ഡല്‍ഹി പൊലീസിലെ ആന്റി-നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഫാക്ടറി നടത്തിപ്പുകാരനായ അരുണിനെ(59) പൊലീസ് അറസ്റ്റു ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പ് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലും വ്യാജ മരുന്നുനിര്‍മാണശാല കണ്ടെത്തിയിരുന്നു. ഇവിടെ അറസ്റ്റിലായവരില്‍നിന്നും ലഭിച്ച വിവരങ്ങളാണ് ഗയയിലെ ഫാക്ടറി കണ്ടെത്താന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.
ഗയയില്‍ നടത്തിയ പരിശോധനയില്‍ യാതൊരു ലൈസന്‍സുമില്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തി. റെയ്ഡില്‍ വലിയ അളവില്‍ വ്യാജ മരുന്നുകള്‍ കണ്ടെത്തി. 1,19,800 വ്യാജ സിങ്ക് ഗുളികകള്‍, 42,480 വ്യാജ അസിത്രോമൈസിന്‍ ഗുളികകള്‍, 27 കിലോഗ്രാം പാരസെറ്റമോള്‍ പൗഡര്‍ എന്നിവ പിടികൂടി. മരുന്നുനിര്‍മാണത്തിനുള്ള ചേരുവകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള ഉല്‍പ്പാദനത്തിന് സഹായിക്കുന്ന മെഷീനുകളും ഫാക്ടറിയില്‍ ഉണ്ടായിരുന്നു.
വേദനസംഹാരികള്‍ എന്ന വ്യാജേന ലഹരി മരുന്നുകളും സംഘം വില്‍പന നടത്തിയിരുന്നു. 5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ ഇത്തരത്തില്‍ ഫാക്ടറിയില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ മരുന്നുകള്‍ക്കായുള്ള അസംസ്‌കൃത വസ്തുക്കള്‍ നിയമവിരുദ്ധമായിട്ടാണ് വാങ്ങിയിരുന്നത്.