പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; 32കാരനായ വ്യാജ ഡോക്ടര്‍ പിടിയില്‍: ക്ലിനിക് പൂട്ടി സീല്‍ ചെയ്ത് ആരോഗ്യ വകുപ്പ്

പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; വ്യാജ ഡോക്ടര്‍ പിടിയില്‍:

Update: 2026-02-16 00:13 GMT

ലക്‌നൗ: പ്രസവശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. 28കാരിയായ യുവതിയാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നാണ് 32കാരനായ വ്യാജ ഡോക്ടര്‍ പിടിയിലായത്. ബിഎ ഡിഗ്രിയുള്ള യോഗേഷ് വര്‍മ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ക്ലിനിക്കിലാണ് യുവതി പ്രസവത്തിനെത്തിയത്. യുവതി പ്രസവിച്ചെങ്കിലും അമിത രക്ത സ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുക ആയിരുന്നു.

മെഡിക്കല്‍ യോഗ്യതയോ ശസ്ത്രക്രിയാ പരിശീലനമോ ഇല്ലാത്ത ഇയാള്‍ സിസേറിയന്‍ അടക്കമുള്ള സര്‍ജറികള്‍ നടത്തുന്ന ആശുപത്രി വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിച്ചു വരികയായിരുന്നു. യോഗേഷ് വര്‍മയ്‌ക്കൊപ്പം 19കാരനായ സഹായിയും പിടിയിലായിട്ടുണ്ട്. ഫെബ്രുവരി അഞ്ചിനാണ് യോഗേഷ് വര്‍മയുടെ ക്ലിനിക്കില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ 28 വയസ്സുള്ള യുവതി മരിച്ചത്. യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയെങ്കിലും അമിത രക്തസ്രാവം കാരണമാണ് മരിച്ചത്.

തുടര്‍ന്ന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മതിയായ മെഡിക്കല്‍ വിദ്യാഭ്യാസ യോഗ്യതയില്ലെന്നും ശസ്ത്രക്രിയാ പരിശീലനം ലഭിച്ചിട്ടില്ലെന്നും കണ്ടെത്തി. അന്വേഷണത്തില്‍ വ്യാജ ഡോക്ടര്‍ ബിഎ ഡിഗ്രിയാണ് നേടിയിട്ടുള്ളതെന്നും തെളിഞ്ഞു. വ്യാജ ഡോക്ടര്‍ അറസ്റ്റിലായതിനു പിന്നാലെ ആരോഗ്യ വകുപ്പ് ക്ലിനിക് പൂട്ടി സീല്‍ ചെയ്തു. സമാനമായ ആശുപത്രികള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Tags:    

Similar News