'കലാപങ്ങളും ഭിന്നിപ്പും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ തമിഴ്നാട്ടില്‍ വിജയിച്ചിട്ടില്ല'; അമിത് ഷായ്ക്ക് എതിരെ എം.കെ. സ്റ്റാലിന്‍
ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു എന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ആരോപണം തള്ളി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഒരു സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ അമിത് ഷായുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്. തന്റെ സര്‍ക്കാര്‍ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളുടെയും വിശ്വാസങ്ങളെ ബഹുമാനിക്കുകയും അവരുടെ മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'നമ്മുടേതുപോലുള്ള ഒരു സംസ്ഥാനത്ത്, ഹിന്ദുക്കളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്നു എന്ന ആഭ്യന്തരമന്ത്രിയുടെ ആരോപണം പൂര്‍ണമായും തെറ്റാണ്. കലാപങ്ങളും ഭിന്നിപ്പും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവരുടെ മാനസികാവസ്ഥ തമിഴ്നാട്ടില്‍ വിജയിച്ചിട്ടില്ല. സ്റ്റാലിന്‍ ഇവിടെയുള്ളിടത്തോളം കാലം അത് സംഭവിക്കില്ല' -അദ്ദേഹം പറഞ്ഞു. ഭാവിയിലും അങ്ങനെയൊന്ന് സംഭവിക്കില്ലെന്നും സംഭവിക്കാന്‍ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഡി.എം.കെ ഹിന്ദുമതത്തോടും സംസ്ഥാനത്തെ ഹിന്ദുക്കളുടെ വികാരങ്ങളോടും നിരന്തരം അനാദരവ് കാണിക്കുന്നുവെന്നാണ് അമിത് ഷാ ആരോപിച്ചത്. ഡി.എം.കെ സര്‍ക്കാറിനെ അഴിമതിയുടെ പ്രതീകമെന്ന് അമിത് ഷാ വിശേഷിപ്പിച്ചു. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുകയാണെന്നും 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചെടുക്കുമെന്നും പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ തമിഴകം തലൈ നിമിര്‍ തമിഴന്റെ പയനം സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്ന രീതി തമിഴ്‌നാട് സര്‍ക്കാറിനുണ്ടെന്ന് അമിത് ഷാ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയില്‍ തമിഴ്നാട്ടില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കള്‍ സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യം ചെയ്തു. ഹിന്ദു മത ഘോഷയാത്രകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും വിഗ്രഹ നിമജ്ജനം നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
