കബളിപ്പിച്ച് പല തവണ ബീഫ് കഴിപ്പിച്ചു; ഇക്കാര്യം പറഞ്ഞ് സുഹൃത്തുക്കളുടെ മുന്നില്‍ കളിയാക്കി'; സഹപ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി
വാരണാസി: കബളിപ്പിച്ച് പല തവണ ബീഫ് കഴിപ്പിച്ച സഹപ്രവര്‍ത്തകനെ യുവാവ് കൊലപ്പെടുത്തി. ബിഹാര്‍ സ്വദേശിയായ അഫ്തബ് ആലമാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലാണ് സംഭവം. കൊലപാതകത്തില്‍ സോലാപൂര്‍ നിവാസി വിരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ ബീഫ് ആണെന്ന് അറിയിക്കാതെ വിരേന്ദ്രയെ പലതവണ ബീഫ് കഴിപ്പിച്ചിരുന്നു. കൂടാതെ ഇക്കാര്യം സുഹൃത്തുക്കളോട് വെളിപ്പെടുത്തി വിരേന്ദ്രയെ പരിഹസിക്കുകയും ചെയ്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജനുവരി എട്ടിനാണ് അഫ്താബിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തുന്നത്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അഫ്താബിന്റെ അക്കൗണ്ടില്‍ നിന്നും പണം വിരേന്ദ്രയ്ക്ക് നല്‍കിയതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു.
ജനുവരി ഏഴിന് വിരേന്ദ്ര അഫ്താബിനെ വിളിച്ചുവരുത്തുകയും കയറുപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇയാളുടെ ഫോണില്‍ നിന്നും പണം സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പ്രതിയില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കയറും ഇരയുടെ ആധാര്‍ കാര്‍ഡ്, എ.ടി.എം കാര്‍ഡ് എന്നിവയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.