നേര്‍വഴിക്ക് ചിന്തിക്കുന്ന നേതാവ്; മഹാരാഷ്ട്രയ്ക്ക് നികത്താനാവാത്ത ആഘാതം; അജിത് പവാറിന്റെ വിയോഗത്തില്‍ വികാരാധീനനായി രാജ് താക്കറെ

Update: 2026-01-28 17:00 GMT

പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. അജിത് പവാറിന്റെ വേര്‍പാട് ഭരണസംവിധാനങ്ങള്‍ ഭരണാധികാരികള്‍ക്കും മുകളില്‍ ഉയരേണ്ട ഒരു സമയത്ത് മഹാരാഷ്ട്രയ്ക്ക് നികത്താനാവാത്ത ആഘാതമാണെന്ന് പവാര്‍ അനുസ്മരിച്ചു. അത്യന്തം നേര്‍വഴിക്ക് ചിന്തിക്കുന്ന നേതാവാണെന്നും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുന്ന ശൈലി അദ്ദേഹത്തിനില്ലായിരുന്നുവെന്നും താക്കറെ കുറിപ്പില്‍ പറയുന്നു.

പവാറിന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ എക്സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് രാജ് താക്കറെ തന്റെ സുഹൃത്തിന് അന്ത്യോപചാരമര്‍പ്പിച്ചത്. ഒരേ കാലഘട്ടത്തില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയവരാണെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദം വൈകിയാണ് ഉടലെടുത്തതെന്ന് താക്കറെ ഓര്‍മ്മിച്ചു. ശരദ് പവാറിന്റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ വന്നതെങ്കിലും, തന്റെ രാഷ്ട്രീയത്തോടുള്ള അദമ്യമായ അഭിനിവേശം കൊണ്ട് മഹാരാഷ്ട്രയുടെ ഓരോ കോണിലും സ്വന്തമായ ഒരടയാളം പതിപ്പിക്കാന്‍ അജിത് പവാറിന് കഴിഞ്ഞു.

തൊണ്ണൂറുകളില്‍ ഗ്രാമീണ മേഖലകള്‍ അര്‍ദ്ധനഗരങ്ങളായി മാറിയപ്പോള്‍, ആ രാഷ്ട്രീയ മാറ്റത്തെ കൃത്യമായി മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും അജിത് പവാറിന് സാധിച്ചിരുന്നു. ബാരാമതിയെയും പിംപ്രി ചിഞ്ച്വാഡിനെയും അദ്ദേഹം വികസിപ്പിച്ച രീതി രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്നതാണെന്ന് താക്കറെ ചൂണ്ടിക്കാട്ടി. ഭരണപരമായ കാര്യങ്ങളില്‍ കൃത്യമായ കാഴ്ചപ്പാടുള്ള അദ്ദേഹം കുരുക്കുകളില്‍പ്പെട്ട ഫയലുകള്‍ എങ്ങനെ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് നന്നായി അറിയാവുന്ന ഒരു മികച്ച ഭരണാധികാരിയായിരുന്നു.

കാര്യങ്ങള്‍ വളച്ചൊടിക്കാതെ നേര്‍ക്കുനേര്‍ പറയുന്ന അദ്ദേഹത്തിന്റെ രീതി ശ്രദ്ധേയമായിരുന്നു. അസാധ്യമായ കാര്യങ്ങള്‍ കഴിയില്ലെന്ന് മുഖത്തുനോക്കി പറയുന്നതിനും സാധ്യമായവയ്ക്കായി സര്‍വ്വ കരുത്തും ഉപയോഗിക്കുന്നതിനും അദ്ദേഹം മടിച്ചില്ല. രാഷ്ട്രീയത്തില്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ക്കും സത്യസന്ധതയ്ക്കും വലിയ വില നല്‍കേണ്ടി വരുമെന്ന് സ്വന്തം അനുഭവം മുന്‍നിര്‍ത്തി താക്കറെ കുറിച്ചു. അത്തരത്തില്‍ എത്രമാത്രം വലിയ വില അജിത് പവാര്‍ നല്‍കിയിട്ടുണ്ടാകുമെന്ന് തനിക്ക് ഊഹിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാതി രാഷ്ട്രീയത്തിന് പവാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു സ്ഥാനവുമില്ലായിരുന്നു എന്ന ഗുണത്തെ താക്കറെ പ്രത്യേകം പ്രശംസിച്ചു. ഇന്നത്തെ കാലത്ത് ജാതിരഹിതമായി രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ധൈര്യമുള്ള നേതാക്കള്‍ കുറഞ്ഞുവരികയാണെന്നും ആ നിരയില്‍ അജിത് പവാര്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിര്‍പ്പുകള്‍ എന്നത് രാഷ്ട്രീയപരമായ ഒന്നാണെന്നും അത് ഒരിക്കലും വ്യക്തിപരമാകരുതെന്ന് വിശ്വസിച്ചിരുന്ന ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. മാന്യരായ രാഷ്ട്രീയ എതിരാളികളുടെ വിയോഗം മഹാരാഷ്ട്രയുടെ മികച്ച രാഷ്ട്രീയ പാരമ്പര്യത്തിന് വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. അജിത് പവാറിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും തന്റെ കുടുംബവും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയും പങ്കുചേരുന്നതായി അറിയിച്ചുകൊണ്ടാണ് രാജ് താക്കറെ തന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ് അവസാനിപ്പിച്ചത്.

Similar News