പോക്‌സോ കേസ് പ്രതി ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍; ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ കുരുക്കായി

Update: 2026-01-30 07:28 GMT

ചെന്നൈ: രണ്ട് വര്‍ഷമായി പൊലീസ് തിരഞ്ഞുക്കൊണ്ടിരുന്ന 45-കാരന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായി. തഞ്ചാവൂര്‍ സ്വദേശിയായ ഇബ്രാഹിം പക്കിര്‍ മുഹമ്മദാണ് ഷാര്‍ജയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇമിഗ്രേഷന്‍ അധികൃതരുടെ പിടിയിലായത്. തഞ്ചാവൂരില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് ഇയാള്‍.

ചൊവ്വാഴ്ച രാത്രി ഷാര്‍ജയിലേക്കുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കയറാന്‍ എത്തിയതായിരുന്നു ഇയാള്‍. ഇമിഗ്രേഷന്‍ വിഭാഗം രേഖകള്‍ പരിശോധിച്ചപ്പോഴാണ് 2024 മുതല്‍ ഇയാള്‍ക്കായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ വിദേശത്തേക്ക് പോകാന്‍ അനുവദിക്കാതെ തടഞ്ഞുവെക്കുകയും കൂടുതല്‍ ചോദ്യം ചെയ്യലിനായി മാറ്റി നിര്‍ത്തുകയും ചെയ്തു.

പോക്സോ കേസില്‍ പ്രതിയായതിന് പിന്നാലെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഇയാളെ കണ്ടെത്താന്‍ തഞ്ചാവൂര്‍ എസ്പി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച് ബുധനാഴ്ച രാത്രി തഞ്ചാവൂരില്‍ നിന്നുള്ള പ്രത്യേക പൊലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കും.

Similar News