അനധികൃത ഡയറികള്‍ കണ്ടെത്താന്‍ നഗരസഭയുടെ പരിശോധന; പശുക്കളെയും പോത്തുകളെയും ബെഡ്റൂമില്‍ ഒളിപ്പിച്ച് ഉടമ; ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കണ്ടെത്തിയത് 19 മൃഗങ്ങളെ

Update: 2026-01-30 12:03 GMT

ലഖ്നൗ: അനധികൃത ഡയറികള്‍ കണ്ടെത്താന്‍ നഗരസഭ നടത്തിയ പരിശോധന മറികടക്കാന്‍ വീടീനുള്ളില്‍ പശുക്കളെയും പോത്തുകളെയും ഒളിപ്പിച്ച് ഫാം ഉടമ. പിഴയില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഉടമയുടെ നീക്കം. ബെഡ്റൂമിലും ഡ്രോയിംഗ് റൂമിലും പൂട്ടിയിട്ട 19 മൃഗങ്ങളെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി പിടിച്ചെടുത്തു.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഡയറികള്‍ക്കെതിരെ ലഖ്നൗ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ പരിശോധനയ്ക്കിടെ വിചിത്രമായൊരു ഒളിച്ചുകളി. നഗരസഭാ ഉദ്യോഗസ്ഥരിരുടെ പിഴയില്‍ നിന്നും രക്ഷപ്പെടാനായി ഡയറി ഉടമകള്‍ പശുക്കളെയും പോത്തുകളെയും സ്വന്തം വീടിനുള്ളിലെ ബെഡ്റൂമിലും ഡ്രോയിംഗ് റൂമിലും പൂട്ടിയിട്ടെന്ന് റിപ്പോര്‍ട്ട്. ബിജ്നോര്‍ റോഡിലുള്ള റോയല്‍ സിറ്റി കോളനിയിലാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ജനവാസ മേഖലയില്‍ അനധികൃത ഡയറി നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് നഗരസഭയുടെ എട്ടാം സോണ്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം റെയ്ഡിനെത്തിയത്. പരിശോധനാ സംഘം വരുന്നത് കണ്ട ഉടമകള്‍ മൃഗങ്ങളെ വീടിനുള്ളിലേക്ക് കയറ്റി പുറത്തുനിന്ന് പൂട്ടുകയായിരുന്നു.

വീടിനുള്ളില്‍ നിന്ന് പശുക്കളുടെ ശബ്ദം കേട്ട ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ബെഡ്റൂമിലും ഡ്രോയിംഗ് റൂമിലും നിരനിരയായി നില്‍ക്കുന്ന പോത്തുകളെയും പശുക്കളെയും കണ്ടെത്തി. കിടപ്പുമുറികളിലാകെ ചാണകം നിറഞ്ഞ അവസ്ഥയിലായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 11 പോത്തുകള്‍, 4 പോത്തിന്‍ കുട്ടികള്‍, 3 പശുക്കള്‍, ഒരു പശുക്കുട്ടി എന്നിങ്ങനെ ആകെ 19 മൃഗങ്ങളെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ക്ക് നാട്ടുകാരില്‍ നിന്നും കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നു. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ വളഞ്ഞ ഉടമകളും ബന്ധുക്കളും മൃഗങ്ങളെ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചു. എന്നാല്‍, പോലീസ് സംഘത്തിന്റെ സഹായത്തോടെ നഗരസഭാ ഉദ്യോഗസ്ഥര്‍ നടപടിയുമായി മുന്നോട്ട് പോയി. പിടിച്ചെടുത്ത മൃഗങ്ങളെ ഐഷ്ബാഗിലെ കാഞ്ചി ഹൗസിലേക്ക് മാറ്റി. ഉടമകള്‍ പിഴ നല്‍കിയാല്‍ മാത്രമേ മൃഗങ്ങളെ വിട്ടുനല്‍കൂവെന്ന് അധികൃതര്‍ അറിയിച്ചു.

പ്രദേശവാസികളുടെ നിരന്തരമായ പരാതികളെത്തുടര്‍ന്നാണ് ഈ നടപടി. മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തുറന്ന പറമ്പുകളിലും അഴുക്കുചാലുകളിലും തള്ളുന്നത് ശുചിത്വ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയിരുന്നു. ലഖ്നൗ അനിമല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഡോ. അഭിനവ് വര്‍മ്മ നഗരത്തിലെ കന്നുകാലി വളര്‍ത്തല്‍ നിയമങ്ങളെക്കുറിച്ച് വ്യക്തമാക്കിയത് അനുസരിച്ച് പോത്തുകളെ 'മലിനീകരണമുണ്ടാക്കുന്ന മൃഗങ്ങളുടെ' വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതിനാല്‍ നഗരപരിധിയില്‍ പോത്തുകളെ വളര്‍ത്തുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം നഗരവാസികള്‍ക്ക് സ്വന്തം ആവശ്യത്തിനായി പശുക്കളെ വളര്‍ത്താം. പരമാവധി രണ്ട് എണ്ണം മാത്രം. ഇതിനായി നഗരസഭയില്‍ നിന്ന് ലൈസന്‍സ് എടുക്കണം. നഗരസഭാ പരിധിക്കുള്ളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഡയറികള്‍ നടത്തുന്നതും നിയമവിരുദ്ധമാണ്.

Similar News