കുടിലിന്റെ വരാന്തയില്‍ വിശ്രമിക്കുമ്പോള്‍ ചാടിവീണ് പുള്ളിപ്പുലി; മകനെ രക്ഷിക്കാന്‍ പുലിയെ കൊന്ന് അറുപതുകാരന്‍; കേസെടുത്ത് വനംവകുപ്പ്

Update: 2026-01-30 17:35 GMT

സോമനാഥ് ഗിര്‍: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ പുലിയെ അരിവാള്‍കൊണ്ട് വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുത്ത് വനംവകുപ്പ്. ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയില്‍ വെരാവലില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഗംഗാദ വില്ലേജിലാണ് സംഭവം. കര്‍ഷകനായ ബാബു വജയും മകന്‍ ഷര്‍ദൂലുമാണ് പുലിയുടെ ആക്രമണത്തിനിരയായത്. മകനെ രക്ഷിക്കുന്നതിനാണ്ടെ അറുപതുകാരന്‍ ബാബു പുലിയെ കൊന്നത്. ഇരുവരും പരിക്കുകളോടെ ആശുപത്രിയിലാണ്. അതിനിടെ പുലിയെ കൊന്നതിന് ഇരുവര്‍ക്കുമെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.

പൊതുവെ ശാന്തമായ ഗ്രാമമാണ് ഗംഗാദ. ബുധനാഴ്ച രാത്രി ബാബു വജ തന്റെ കുടിലിന്റെ വരാന്തയില്‍ വിശ്രമിക്കുമ്പോഴാണ് പുള്ളിപ്പുലി ചാടി വീണത്. ചുമലില്‍ കടിച്ച് വലിച്ചുകൊണ്ടു പോകാനായിരുന്നു ശ്രമം. ശബ്ദം കേട്ട് ഇരുപത്തഞ്ചുകാരനായ മകന്‍ ഷര്‍ദൂല്‍ ഓടി വരുകയായിരുന്നു. ഇതോടെ ബാബു വജയുടെ മേല്‍നിന്ന് പിടിവിട്ട് പുലി ഷര്‍ദുലിന്റെ നേര്‍ക്ക് ചാടി. നിമിഷങ്ങള്‍ക്കുള്ളില്‍ പുലി തങ്ങളെ പലവട്ടം ആക്രമിച്ചുവെന്ന് വജ പറയുന്നു. പുലി മകന്റെ ജീവനെടുക്കുമെന്ന് കണ്ട വജ വീടിനകത്തുനിന്ന് അരിവാളും കുന്തവുമെടുത്ത് പുലിയെ ആക്രമിക്കുകയായിരുന്നു. വെട്ടും കുത്തുമേറ്റ് പുലി ചാവുകയായിരുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ പുലിയായിരുന്നു ഇവരെ ആക്രമിച്ചത്.

Similar News