എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ വെടിയുതിര്‍ത്ത് കവര്‍ച്ച; കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് ആറ് ലക്ഷം രൂപ

Update: 2026-01-31 16:57 GMT

ഹൈദരാബാദ്: ഹൈദരാബാദില്‍ എ.ടി.എമ്മില്‍ പണം നിക്ഷേപിക്കുന്നതിനിടെ മലയാളി ബിസിനസുകാരനുനേരെ വെടിയുതിര്‍ത്ത് കവര്‍ച്ച. ശനിയാഴ്ച രാവിലെ കോട്ടിയില്‍ നടന്ന സംഭവത്തില്‍ കോഴിക്കോട് സ്വദേശി റിന്‍ഷാദ് പി.വി എന്ന യുവാവിന് ആറ് ലക്ഷം രൂപ നഷ്ടമായി. കാലിന് വെടിയേറ്റ റിന്‍ഷാദിനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വസ്ത്ര വ്യാപാരിയായ റിന്‍ഷാദ് ജനുവരി ഏഴിനാണ് തുണിത്തരങ്ങള്‍ വാങ്ങുന്നതിനായി ഹൈദരാബാദിലെത്തിയത്. എന്നാല്‍, ഉദ്ദേശിച്ചരീതിയില്‍ സാധനങ്ങള്‍ വാങ്ങാനായില്ല. തുടര്‍ന്ന്, ബന്ധുവായ മിഷ്ബാന്‍ ആണ് കൈവശമുള്ള പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ഉപദേശിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ ഏഴിന് സുഹൃത്ത് അമീറിന്റെ വാഹനത്തില്‍ എ.ടി.എമ്മിലെത്തി.

പണം നിക്ഷേപിക്കുന്നതിനിടെ, അജ്ഞാതരായ രണ്ടുപേര്‍ എ.ടി.എം കൗണ്ടറില്‍ പ്രവേശിക്കുകയും തോക്കൂചൂണ്ടി ഭീഷണിപ്പെടുത്തി പണമടങ്ങിയ ബാഗ് കൈവശപ്പെടുത്തുകയുമായിരുന്നു. അതിനുശേഷം, റിന്‍ഷാദിന്റെ വലതുകാലിന് വെടിയുതിര്‍ത്ത് വണ്ടിയുടെ താക്കോല്‍ കൈവശപ്പെടുത്തി വണ്ടിയുമായി കടന്നുകളഞ്ഞു. ഏതാനും ദൂരെ വാഹനമുപേക്ഷിച്ച് മോഷ്ടാക്കള്‍ പിന്നീട് കചിഗുഡ ക്രോസ് റോഡ് വഴി രക്ഷപ്പെട്ടു. ഇതിനിടെ അവര്‍ വസ്ത്രവും മാറിയിരുന്നു. പ്രദേശത്തെ സി.സി.ടി.വി പരിശോധിച്ച് മോഷ്ടാക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Similar News