'അബദ്ധത്തില്‍ നടത്തിയ പ്രസ്താവന; ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നു'; തൃഷയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് നൈനാര്‍ നാഗേന്ദ്രന്‍

Update: 2026-02-16 13:21 GMT

ചെന്നൈ: ടിവികെ പ്രസിഡന്റും നടനുമായ വിജയ്‌യുമായി ബന്ധപ്പെടുത്തി നടി തൃഷയ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍. അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയെന്ന് വിശദീകരണം. ആര്‍ക്കെങ്കിലും വിഷമമായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നെന്നും നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

'ഇത് അബദ്ധത്തില്‍ നടത്തിയ പ്രസ്താവനയായിരുന്നു. ഞങ്ങളുടെ അഖിലേന്ത്യാ വനിതാ വിഭാഗം മേധാവി വാനതി ശ്രീനിവാസനും അണ്ണാമലൈയും ഈ വിഷയത്തെക്കുറിച്ച് എന്നോട് സംസാരിച്ചു. എന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ടെങ്കില്‍, ഞാന്‍ ഹൃദയംഗമമായ ഖേദം പ്രകടിപ്പിക്കുന്നു,- നൈനാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.

'വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം, രാഷ്ട്രീയത്തില്‍ ഇറങ്ങണമെങ്കില്‍ വീട് വിട്ട് പുറത്തിറങ്ങണം. സ്വന്തം കുടുംബത്തോട് എങ്കിലും സ്നേഹവും അടുപ്പവും കാണിക്കണം. അദ്ദേഹത്തിന് അനുഭവങ്ങളില്ല, പാവം. തൃഷയെ വിട്ട് പുറത്തിറങ്ങിയാല്‍ മാത്രമേ എല്ലാം നടക്കൂ. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കണം. എന്നിങ്ങനെയാരുന്നു നൈനാര്‍ നാഗേന്ദ്രന്റെ പരാമര്‍ശം.

തൃഷ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്തിരിക്കുന്ന ഒരാള്‍ ഇത്ര മോശവും അപമാനകരവുമായ ഒരു പരാമര്‍ശം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് തൃഷ പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം.

Similar News