ആശുപത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നിരവധി പരാതികള്‍; നിയമലംഘനം നടത്തിയ 178 സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് റദ്ദാക്കി

Update: 2026-02-16 13:37 GMT

ലഖ്നൗ: സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നതോടെ നടപടിയുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ആശുപത്രികള്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ 178 സ്വകാര്യ ആശുപത്രികളുടെ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. നിയമസഭയില്‍ സമാജ്വാദി പാര്‍ട്ടി എം.എല്‍.എ അതുല്‍ പ്രധാനിന്റെ ചോദ്യത്തിന് മറുപടിയായി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് ആണ് ഇക്കാര്യം അറിയിച്ചത്.

ആശുപത്രികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഏകദേശം 500-ഓളം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. ലൈസന്‍സ് റദ്ദാക്കിയ നടപടിക്കെതിരെ ആശുപത്രികള്‍ നല്‍കിയ അപ്പീലില്‍ നടത്തിയ ഹിയറിങ്ങിന് ശേഷം 59 ആശുപത്രികളുടെ ലൈസന്‍സ് പിന്നീട് പുനഃസ്ഥാപിച്ചു. നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിച്ച 281 ആശുപത്രികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണോ എന്ന ചോദ്യത്തിന്, നിലവില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ ഫീസോ ലാബ് പരിശോധനാ നിരക്കുകളോ നിശ്ചയിക്കാന്‍ സംസ്ഥാനത്ത് പ്രത്യേക നയമില്ലെന്ന് മന്ത്രി മറുപടി നല്‍കി. എങ്കിലും സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പൊതുജനങ്ങള്‍ക്ക് സൗജന്യ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുഷ്മാന്‍ ഭാരത് (PMJAY) പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് 5 ലക്ഷം രൂപ വരെയും, 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ആയുഷ്മാന്‍ വയോ വന്ദന യോജന വഴിയും സൗജന്യ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

Similar News