കര്‍ണാടകയിലെ കോടതികളില്‍ ബോംബ് ഭീഷണി; കനത്ത ജാഗ്രത; പരിശോധന കര്‍ശനമാക്കി പൊലീസ്

Update: 2026-02-16 16:02 GMT

ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ലാ കോടതികളില്‍ ബോംബ് ഭീഷണി. ബെംഗളൂരു സൗത്ത്, മാണ്ഡ്യ, മടിക്കേരി, മംഗളൂരു എന്നീ ജില്ലാ കോടതികള്‍ക്കും കര്‍ണാടക ഹൈക്കോടതിയുടെ ധാര്‍വാഡ് ബെഞ്ചിനുമാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. കോടതി സമുച്ചയങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശത്തെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോടതികളില്‍ കനത്ത സുരക്ഷാ ജാഗ്രത പുറപ്പെടുവിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കോടതികളുടെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളിലേക്ക് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.

12 ആര്‍ഡിഎക്‌സ് ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നിമിഷങ്ങള്‍ക്കുള്ളില്‍ സ്‌ഫോടനം നടക്കുമെന്നുമായിരുന്നു ഭീഷണി. വിവരമറിഞ്ഞയുടന്‍ പൊലീസ് സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി കോടതി സമുച്ചയങ്ങള്‍ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. ഒരേ സമയം വിവിധ നഗരങ്ങളിലെ കോടതികളെ ലക്ഷ്യം വെച്ച് ഭീഷണി എത്തിയത് വലിയ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ്, ഇമെയിലിന്റെ ഐപി അഡ്രസ്സും ഉറവിടവും കണ്ടെത്താനായി സൈബര്‍ സെല്ലിന്റെ സഹായം തേടി. മുന്‍കരുതല്‍ നടപടിയായി എല്ലാ കോടതി സമുച്ചയങ്ങളിലും പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

Similar News