വൈകിയെത്തിയതിനാല്‍ പരീക്ഷാ ഹാളില്‍ കയറ്റിയില്ല; പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കി

Update: 2026-02-19 00:09 GMT

പട്‌ന: പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ജീവനൊടുക്കി. വൈകിയെത്തിയെന്ന പേരില്‍ പരീക്ഷാഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തത്. മഹാരാജ്ചക് ഗ്രാമത്തിലെ കോമള്‍ കുമാരിയാണ് മരിച്ചത്. പരീക്ഷ എഴുതാന്‍ സാധിക്കാത്ത മനോവിഷമത്തില്‍ കുട്ടി ട്രെയിനില്‍ കയറുകയും ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് ചാടുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാവിലെ 9.30നുള്ള പരീക്ഷയ്ക്കായി പെണ്‍കുട്ടി 9.15നു സ്‌കൂളിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. 9ന് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായില്ല. കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമള്‍ കുമാരി പിന്നീടു നദൗല്‍ റയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി. മസൗഡി സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പാണ് ട്രെയിനില്‍ നിന്നു ചാടിയത്.

Tags:    

Similar News