വനിത സംവരണ ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്; എംപിമാര്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ണായക നീക്കത്തില്‍. ലോക്‌സഭ എംപിമാര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. മുഴുവന്‍ എംപിമാരും 16,17,18 തീയതികളില്‍ പാര്‍ലമെന്റില്‍ എത്തണമെന്ന് നിര്‍ദ്ദേശം. മൂന്ന് വരി വിപ്പാണ് നല്‍കിയത്. ജെഡിയുവും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ 16 മുതല്‍ 18 വരെ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്ന് നിര്‍ദ്ദേശം.
വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും, പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡല്‍ഹയില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാരി ശക്തി വന്ദന്‍ സമ്മേളനം സംഘടിപ്പിച്ചു. 2023 ലേതുപോലെ ഇത്തവണയും ബില്‍ ഒറ്റക്കെട്ടായി പാസാക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള പ്രതിപക്ഷ ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
വനിതാ സംവരണ ബില്ലില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഡീലിമിറ്റേഷന്‍ ബില്ലിനും മന്ത്രിസഭ അംഗീകാരം നല്‍കി. വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കുന്നതിന് മുന്‍പാണ് ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. ഭേദഗതികള്‍ പ്രകാരം 2011 ലെ സെന്‍സസ് പ്രകാരമായിരിക്കും ഡീ ലിമിറ്റേഷന്‍. ഡീ ലിമിറ്റേഷന്‍ ബില്ലിലൂടെ ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 50 ശതമാനം ഉയര്‍ത്തും. ഏപ്രില്‍ 16ന് ചേരുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്ലുകള്‍ അവതരിപ്പിക്കും.
അതേസമയം, കേന്ദ്രത്തിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സെന്‍സസ് വൈകിപ്പിക്കുന്നതും മണ്ഡല പുനര്‍നിര്‍ണ്ണയവും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍, സ്ത്രീ ശാക്തീകരണത്തിനായുള്ള മുന്‍കാല ശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭാവിക്ക് ഈ ബില്ലുകള്‍ അനിവാര്യമാണെന്ന നിലപാടിലാണ്. ഏപ്രില്‍ 16-ന് ആരംഭിക്കുന്ന പ്രത്യേക സമ്മേളനം ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലെ നിര്‍ണ്ണായകമായ പല തീരുമാനങ്ങള്‍ക്കും സാക്ഷ്യം വഹിക്കുമെന്നുറപ്പാണ്.
