തിരികെ കൊണ്ടുപോകാൻ പല തവണ ശ്രമിച്ചിട്ടും നടന്നില്ല; കുടുംബ വഴക്കിനെ തുടർന്ന് ബന്ധുക്കളുടെ മർദ്ദനമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് ബന്ധുക്കളുടെ മർദമേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടുഗോഡി സ്വദേശിനി മഗേശ്വരി (45) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടി. മഗേശ്വരിയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് മണികിരൺ, ഇയാളുടെ പിതാവ് മണിവണ്ണൻ, സുഹൃത്തുക്കളായ മണിരാജ്, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മഗേശ്വരിയുടെ സഹോദരിയുടെ മകൾ ചാരുലതയെയാണ് മണികിരൺ വിവാഹം കഴിച്ചത്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് ചാരുലത മഗേശ്വരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ചാരുലതയെ തിരികെ കൊണ്ടുപോകാൻ മണികിരൺ പലതവണ ശ്രമിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചിരുന്നു. ചാരുലതയെ കൊണ്ടുപോകാനായി മണികിരണും മണിവണ്ണനും സുഹൃത്തുക്കളും മഹേശ്വരിയുടെ വീട്ടിലെത്തി. ഇതു തടയാൻ ശ്രമിച്ച മഹേശ്വരിയെ സംഘം ഇരുമ്പ് വടികൊണ്ടടിക്കുകയും പലതവണ കുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ മഹേശ്വരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം തുടങ്ങി.