പതിവുപോലെ ട്യൂഷൻ ക്ലാസിലെത്തിയ പെൺകുട്ടി; മറ്റു പിള്ളേരെയെല്ലാം പറഞ്ഞു വിട്ട് ട്യൂഷൻ സാറിന്റെ മോശം പ്രവർത്തി; 12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കേസിൽ ശിക്ഷ വിധിക്കുമ്പോൾ
ഹൈദരാബാദ്: പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട് 60 വയസ്സുള്ള ട്യൂഷൻ അധ്യാപകന് 10 വർഷം കഠിനതടവും 5,000 രൂപ പിഴയും വിധിച്ച് തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിലെ പോക്സോ സ്പെഷ്യൽ കോടതി. ഇരക്ക് 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിക്കുകയും ചെയ്തു. 2017 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന കുട്ടി ഹൈദർഗുഡയിലെ അതേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന ദ്രോണംരാജു സുബ്രഹ്മണ്യേശ്വര റാവുവിന്റെ വസതിയിൽ ട്യൂഷന് പോയിരുന്നത്. 2017 ഡിസംബർ 3 ന്, മാതാപിതാക്കൾ ചെന്നൈയിൽ പോയിരുന്ന സമയത്ത് ട്യൂഷന് വന്ന മറ്റു കുട്ടികളെ പറഞ്ഞു വിട്ട ശേഷം പ്രതി രാത്രി വൈകി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം മകൾ വിളിച്ച് അമ്മയോട് വിവരം പറഞ്ഞു.
ശേഷം അമ്മ പിറ്റേന്ന് തന്നെ രാവിലെ തിരിച്ചെത്തി ഉടൻ തന്നെ രാജേന്ദ്രനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ, ഐപിസി സെക്ഷൻ 376(2)(f)(i), 2012 ലെ പോക്സോ ആക്ടിലെ സെക്ഷൻ 6 നൊപ്പം സെക്ഷൻ 5(o), ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രത്യേക കോടതി ജഡ്ജി പി. ആഞ്ജനേയുലു ആണ് കേസിൽ വിധി പ്രസ്താവിച്ചത്.