തിരക്കേറിയ റോഡിൽ ബൈക്കിലെത്തി സ്പൈഡർമാന്റെ അഭ്യാസ പ്രകടനം; പോലീസിനെ കണ്ടതും പെടുന്നനെ ബ്രേക്കിട്ടു; 15,000 രൂപ പിഴ ചുമത്തി പോലീസ്

Update: 2025-08-24 09:31 GMT

റൂർക്കേല: സ്പൈഡർമാൻ വേഷം ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ യുവാവിന് 15,000 രൂപ പിഴ ചുമത്തി ഒഡിഷ പോലീസ്. റൂർക്കേലയിലെ തിരക്കേറിയ റോഡിൽ ഹെൽമെറ്റ് ധരിക്കാതെ അതിവേഗത്തിൽ വാഹനമോടിച്ചതുൾപ്പെടെ നിരവധി ഗതാഗത നിയമലംഘനങ്ങൾക്കാണ് നടപടി.

ബുധനാഴ്ചയാണ് സംഭവം. മറ്റ് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാക്കുന്ന തരത്തിലായിരുന്നു യുവാവിൻ്റെ പ്രകടനം. അപകടകരമായ ഡ്രൈവിംഗിനും ഹെൽമെറ്റ് ഇല്ലാത്തതിനും പുറമെ, വാഹനത്തിൻ്റെ സൈലൻസറിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

റോഡിലൂടെ അഭ്യാസം നടത്തി വരുന്നതിനിടെ ട്രാഫിക് പോലീസിനെ കണ്ട യുവാവ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെയാണ് പിടിയിലായത്. തുടർന്നാണ് 15,000 രൂപ പിഴ ചുമത്തിയത്. പൊതുനിരത്തുകളിലെ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

Tags:    

Similar News