കോളേജ് കാലഘട്ടം മുഴുവൻ വൈബ് ആയിരുന്നു; പക്ഷെ എല്ലാം കഴിഞ്ഞ് ജോലി കിട്ടിയപ്പോൾ എന്തൊക്കെയോ മിസ് ചെയ്യുന്നു; ചർച്ചയായി കുറിപ്പ്

Update: 2026-03-07 14:17 GMT

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഐഐടിയിൽ നിന്ന് ബിരുദം നേടി, ബെംഗളൂരുവിൽ ഉയർന്ന ശമ്പളത്തിൽ കോർപ്പറേറ്റ് ജോലി ചെയ്യുന്ന ഒരു യുവ എഞ്ചിനീയറുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി. തൻ്റെ കോർപ്പറേറ്റ് ജീവിതം വിരസവും അസംതൃപ്തവുമാണെന്ന് യുവാവ് പോസ്റ്റിൽ കുറിച്ചു. പഠനകാലത്ത് അനുഭവിച്ച ആവേശവും സർഗാത്മക പ്രവർത്തന സാധ്യതകളും ജോലിയുടെ ലോകത്ത് നഷ്ടമായതിലുള്ള നിരാശയാണ് പോസ്റ്റിൻ്റെ ഉള്ളടക്കം. ഇത് നിരവധി പ്രൊഫഷണലുകൾക്കിടയിൽ സമാനമായ അനുഭവങ്ങളിലേക്ക് വെളിച്ചം വീശുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

കോളേജ് ജീവിതം ആവേശകരമായിരുന്നുവെന്നും, അന്ന് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും ക്രിയാത്മകമായി പ്രവർത്തിക്കാനും കഴിഞ്ഞിരുന്നുവെന്നും യുവാവ് ഓർമ്മിപ്പിക്കുന്നു. എന്നാൽ ഇന്നത്തെ കോർപ്പറേറ്റ് ജോലി അതിവിരസമാണെന്നാണ് അദ്ദേഹത്തിൻ്റെ അനുഭവം. ദിവസേനയുള്ള ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിലെ ഗതാഗതക്കുരുക്കും, ഓഫീസ് ജോലിയുടെ ആവർത്തന സ്വഭാവവും തന്നെ കടുത്ത മടുപ്പിലേക്ക് തള്ളിവിടുന്നുവെന്നും യുവാവ് വ്യക്തമാക്കുന്നു. ക്യാമ്പസിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഇന്ന് അവരവരുടെ തിരക്കുകളിലായതിനാൽ പുതിയ ആശയങ്ങൾ ചർച്ച ചെയ്യാനോ ഒരുമിച്ച് എന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ലെന്നും അദ്ദേഹം വിഷാദത്തോടെ കുറിച്ചു.

"എനിക്ക് നല്ല ശമ്പളമുള്ള ജോലിയുണ്ട്, പക്ഷേ അതുമിപ്പോൾ എന്നെ മടുപ്പിക്കുന്നു. ഒരാൾക്ക് തൻ്റെ ജോലിയെ എത്രത്തോളം സ്നേഹിക്കാൻ കഴിയും?" എന്ന് യുവാവ് ഉന്നയിക്കുന്ന ചോദ്യം പലരുടെയും മനസ്സിൽ പതിഞ്ഞു. തൻ്റെ കഴിവുകൾ കൂടുതൽ വലിയ കാര്യങ്ങൾക്കായി ഉപയോഗിക്കണമെന്നും, ഒരു വലിയ പ്രോജക്റ്റിൽ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന ശമ്പളമുണ്ടായിട്ടും ജോലിയോടുള്ള ഈ മടുപ്പ്, കൂടുതൽ അർത്ഥവത്തായ ഒരു തൊഴിൽ ജീവിതം തേടാൻ പ്രേരിപ്പിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.

Tags:    

Similar News