കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍; വെന്റിലേറ്ററിനെ കുറിച്ച് ചിന്തിച്ച സമയം; അപ്പോള്‍ പ്രിയങ്കാ ഗാന്ധിയും ആശുപത്രിയില്‍;മന്‍മോഹന്‍ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട റോബര്‍ട്ട് വാദ്ര; പ്രിയങ്കയുടെ ഭര്‍ത്താവിന്റേത് വലിയ വീഴ്ച; ആഞ്ഞടിച്ച് ബിജെപി
മന്‍മോഹന്‍ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; റോബര്‍ട്ട് വാദ്രക്ക് എതിരെ ആഞ്ഞടിച്ച് ബിജെപി
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് മരിച്ചതിന് പിന്നാലെ പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രക്ക് എതിരെ ആഞ്ഞടിച്ച് ബിജെപി. മന്‍മോഹന്‍ സിംഗ് മരിക്കുന്നതിന് 28 മിനിറ്റ് മുമ്പേ റോബര്‍ട്ട് വാദ്ര അദ്ദേഹം മരിച്ചെന്ന് കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്ന് അമിത് മാളവ്യ ആരോപിച്ചു. ആശുപത്രി പ്രസ്താവന പ്രകാരം മരണം സംഭവിച്ചത് 9.51നാണ്. എന്നാല്‍ അതിനും 28 മിനറ്റ് മുന്‍പേ റോബര്‍ട്ട് വാദ്ര മരണ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. ഇത് വലിയ വിവാദമായിട്ടുണ്ട്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന ചര്‍ച്ച കോണ്‍ഗ്രസിലും സജീവമാണ്.
വീട്ടില്‍ നിന്നും എട്ടു മണിയോടെ എയിംസില്‍ എത്തിച്ച മന്‍മോഹന്‍ സിംഗിന് കൃത്രിമ ശ്വാസോച്ഛോസം നല്‍കാന്‍ ശ്രമിച്ചു. പക്ഷേ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിയായില്ല. ഈ സമയം പ്രിയങ്കാ ഗാന്ധി അടക്കം ആശുപത്രിയിലുണ്ടായിരുന്നു. വെന്റിലേറ്ററില്‍ മാറ്റുന്നതിനും ആലോചിച്ചു. അതു പിന്നീട് വേണ്ടെന്ന് വച്ചു. ഇതിനിടെയാണ് വ്ാദ്രയുടെ ട്വീറ്റ് എത്തിയത്. പത്ത് മണിയോടെയാണ് എയിംസ് പത്രക്കുറിപ്പ് ഇറക്കിയത്. ഇതില്‍ മരണ സമയം വ്യക്തമായി തന്നെ 9.51 എന്ന് രേഖപ്പെടുത്തുകയും ചെയ്തു. ഈ വിവാദത്തില്‍ വാദ്ര പ്രതികരിച്ചിട്ടില്ല.
ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകള്‍ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇതെന്നാണ് ബിജിപെ നേതാക്കളുടെ വിമര്‍ശനം. മന്‍മോഹന്‍ സിങ്, ഗാന്ധി കുടുംബത്തില്‍ നിന്ന് കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട് എന്നും അമിത് മാളവ്യ വിമര്‍ശനം ഉന്നയിച്ചു. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ ഡോ. മന്‍മോഹന്‍ സിങിന്റെ വേര്‍പാടില്‍ ഇന്ത്യ ദുഃഖിക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന കുറിപ്പില്‍ പറഞ്ഞത്. പ്രധാനമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചു. വര്‍ഷങ്ങളോളം നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചു. പാര്‍ലമെന്റിലെ അദ്ദേഹത്തിന്റ ഇടപെടലുകളും ഏറെ ശ്രദ്ധേയമാണെന്ന് മോദി പറഞ്ഞു.
എയിംസില്‍ ചികിത്സയിലിരിക്കെ 92-ാം വയസിലാണ് മന്‍മോഹന്‍ സിങ് വിടപറഞ്ഞത്. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓര്‍മ്മയാകുന്നത്. 2004 മെയ് 22നാണ് ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് അധികാരമേറ്റത്. രണ്ടാമത് അധികാരമേറ്റത് 2009 മെയ് 22നും. ഇക്കഴിഞ്ഞ ഏപ്രിലിലാണ് 33 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ നിന്ന് വിരമിച്ചത്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരില്‍ ഒരാളായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി.
റിസര്‍വ് ബാങ്ക് ഗവര്‍ണറായും (1982 85), രാജ്യാന്തര നാണ്യനിധിയുടെ ഇന്ത്യയിലെ ഡയറക്ടറായും (1985), ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷനായും (1985 87), നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായും (1991 96), രാജ്യസഭാ പ്രതിപക്ഷ നേതാവായും (1998 2004), യുജിസി അധ്യക്ഷ പദവിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1987ല്‍ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: ഗുര്‍ശരണ്‍ കൗര്‍. മക്കള്‍: ഉപിന്ദര്‍ സിങ്, ദമന്‍ സിങ്, അമൃത് സിങ്.
ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബര്‍ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹില്‍, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.