പലയിടത്തും സീറ്റുകൾ കാലി, വന്ദേഭാരതുകൾ ഓട്ടം നിർത്തുന്നു; പുതിയ സർവീസ് നടത്താൻ റെയിൽവേ; ഒക്യുപ്പൻസിയിൽ റെക്കോർഡ് തീർത്ത് കേരളം

Update: 2026-02-12 08:48 GMT

ന്യൂഡൽഹി: യാത്രക്കാരുടെ കുറവ് മൂലം രണ്ട് വന്ദേഭാരത് എക്സ്പ്രസ് സർവീസുകൾ റെയിൽവേ അവസാനിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സർവീസുകളായിരുന്ന ഉദയ്‌പൂർ - ജയ്‌പൂർ, ഉദയ്‌പൂർ - ആഗ്ര എന്നീ റൂട്ടുകളിലെ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയ്ക്ക് പകരമായി ഉദയ്‌പൂർ - അസർവ (അഹമ്മദാബാദ്) പുതിയ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 82 വന്ദേഭാരത് ട്രെയിനുകളിൽ പകുതിയോളത്തിലും യാത്രക്കാരുടെ എണ്ണം കുറവാണെന്നാണ് റിപ്പോർട്ട്. 30-ൽ അധികം വന്ദേഭാരത് ട്രെയിനുകളിൽ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. പ്രാദേശികപരമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ റൂട്ടുകൾ നിശ്ചയിച്ചതാണ് പല സർവീസുകളിലും യാത്രക്കാർ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

എന്നാൽ, രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളിൽ ഏറ്റവും ഉയർന്ന ഒക്യുപ്പൻസി നിരക്കുള്ളത് കേരളത്തിലെ മൂന്ന് സർവീസുകൾക്കാണ്. 200 ശതമാനമാണ് കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിലെ ശരാശരി ഒക്യുപ്പൻസി. അതേസമയം, കേരളത്തിന് അനുവദിച്ച ബെംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് കോട്ടയം വഴിയായിരിക്കുമെന്ന് സൂചനയുണ്ട്. രാത്രി 7.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാവിലെ 7.30ന് ബെംഗളൂരുവിൽ എത്തുന്ന രീതിയിലായിരിക്കും സമയക്രമം.

16 എ.സി കോച്ചുകളാകും ട്രെയിനിലുണ്ടാവുക. തിരുവനന്തപുരം മുതൽ ബെംഗളൂരു വരെ ഏകദേശം 2,300 രൂപ (തേർഡ് എ.സി), 3,000 രൂപ (സെക്കന്റ് എ.സി), 3,600 രൂപ (ഫസ്റ്റ് എ.സി) എന്നിങ്ങനെയായിരിക്കും നിരക്കുകൾ. ഈ ട്രെയിനിൽ ആർ.എ.സിയോ വെയിറ്റിംഗ് ലിസ്റ്റോ ഉണ്ടാകില്ലെന്നും റെയിൽവേ ബോർഡ് ഉടൻ അന്തിമ തീരുമാനമെടുക്കുമെന്നും അധികൃതർ അറിയിച്ചു. 

Tags:    

Similar News