'ഓ..അപ്പൊ..അതാണ് പ്രശ്‌നം'; ഹോട്ടലിൽ കയറിയ യുവാവ് ഓർഡർ ചെയ്തത് 'മട്ടൺ സ്റ്റേക്ക്'; പക്ഷെ കൊണ്ട് വന്നത് മറ്റൊരു വിഭവം; വിളമ്പിയ ജീവനക്കാരന് എട്ടിന്റെ പണി
കൊൽക്കത്ത: മട്ടൺ സ്റ്റേക്കിന് പകരം ബീഫ് വിളമ്പി മതവികാരം വ്രണപ്പെടുത്തിയെന്ന നടനും യൂട്യൂബറുമായ സായക് ചക്രവർത്തിയുടെ പരാതിയെത്തുടർന്ന് കൊൽക്കത്തയിലെ ഒരു റസ്റ്റോറന്റ് ജീവനക്കാരൻ അറസ്റ്റിലായി. കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലുള്ള ഓലിപബ്ബ് റസ്റ്റോറന്റിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പോലീസ് പിടിയിലായത്.
സായക് ചക്രവർത്തിയും രണ്ട് സുഹൃത്തുക്കളും റസ്റ്റോറന്റിൽ മട്ടൺ സ്റ്റേക്ക് ഓർഡർ ചെയ്തെങ്കിലും, ജീവനക്കാർ ബീഫാണ് വിളമ്പിയത്. വിഭവം വിളമ്പുന്ന സമയത്ത് എന്താണെന്ന് ജീവനക്കാർ പറഞ്ഞിരുന്നില്ല. മട്ടൺ ആണെന്ന് കരുതി പകുതിയോളം കഴിച്ചതിന് ശേഷമാണ് രണ്ടാമത്തെ വിഭവം എത്തിയത്. അപ്പോൾ വിളമ്പിയത് മട്ടൺ ആണെന്നും നേരത്തെ വിളമ്പിയത് ബീഫ് ആണെന്നും ജീവനക്കാർ വെളിപ്പെടുത്തിയതായി സായക് പരാതിയിൽ പറയുന്നു. ഒരു ബ്രാഹ്മണനായ തനിക്ക് മട്ടൺ ചോദിച്ചപ്പോൾ ബീഫ് വിളമ്പിയത് എന്തിനാണെന്ന് സായക് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തന്റെ ഭാഗത്തുനിന്ന് അബദ്ധം പറ്റിയതാണെന്ന് ജീവനക്കാരൻ സമ്മതിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ സായക് പോലീസിൽ പരാതി നൽകുകയും, ഇതിനെത്തുടർന്ന് റസ്റ്റോറന്റ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജീവനക്കാരൻ മനഃപൂർവം വീഴ്ച വരുത്തിയതാണോയെന്ന് കൊൽക്കത്ത പോലീസ് അന്വേഷിച്ചുവരികയാണ്. റസ്റ്റോറന്റ് മാനേജ്‌മെന്റിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
സായക് പങ്കുവെച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടലുമുണ്ടായി. ബിജെപി നേതാക്കളായ തരുൺ ജ്യോതി തിവാരിയും, കേയ ഘോഷും റസ്റ്റോറന്റിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. "ഹിന്ദുക്കളെ എളുപ്പത്തിൽ ലക്ഷ്യം വെക്കുന്നവരായി കാണുന്നത് എന്തുകൊണ്ടാണ്? മറ്റൊരു വിഭാഗത്തിനാണ് ഇത്തരമൊരു അനുഭവം സംഭവിച്ചതെങ്കിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ആലോചിച്ചു നോക്കൂ," ബിജെപി നേതാവ് കേയ ഘോഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സായക് ആദ്യം പോസ്റ്റ് ചെയ്ത വീഡിയോ പിന്നീട് ഡിലീറ്റ് ചെയ്‌തെങ്കിലും, അതിനകം ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
