ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; സഹപ്രവർത്തകനെതിരെ കേസെടുത്തു; സംഭവം ഷിംലയിൽ
ഷിംല: ഡ്യൂട്ടിക്കിടെ വനിതാ പോലീസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് 55കാരനായ സഹപ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്. ഹിമാചൽ പ്രദേശിലെ ഷിംലയിലാണ് സംഭവം നടന്നത്.
55 കാരനായ പോലീസ് കോൺസ്റ്റബിളായ രാജീവ് കുമാറിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മുൻ സൈനികൻ കൂടിയായ 55കാരൻ പോലീസ് സേനയിൽ ഒരു വർഷം മുൻപാണ് ചേർന്നത്.
ദാലി പോലീസ് സ്റ്റേഷനിലാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകിയത്. പോലീസ് ക്വാട്ടേഴ്സിന്റെ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരിയെ സമീപിച്ച് അനുചിതമായ ഭാഷയിൽ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് കേസ്.
പോലീസ് ഉദ്യോഗസ്ഥ എതിർത്തതോടെ അസഭ്യ വർഷത്തോടെ പോലീസുകാരി പിന്തുടരുകയായിരുന്നു. ശേഷം ഭയന്ന് പോയ വനിതാ പോലീസുകാരി ഒരു മുറിയിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിച്ചതോടെ മുറിയിലേക്ക് അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് വനിതാ പോലീസുകാരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. ഭാരതീയ ന്യായ സംഹിത അനുസരിച്ച് ലൈംഗിക അതിക്രമത്തിനും പിന്തുടർന്ന് ശല്യം ചെയ്തതിനും ലൈംഗിക അധിക്ഷേപത്തിനുമാണ് 55കാരനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്.